Shoba Surendran: കെ സി വേണുഗോപാലിന്റെ പരാതി; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാൻ കോടതി നിർദേശം
Defamation Case Against Shobha Surendran: പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഒരു ചാനല്‍ പരിപാടിക്കിടെ കെ സി വേണുഗോപാലിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ ഉന്നയിച്ചിരുന്നു.

ശോഭ സുരേന്ദ്രൻ
ആലപ്പുഴ: അപകീർത്തിപരമായ പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാൻ കോടതി ഉത്തരവ്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാൽ നൽകിയ ഹര്‍ജിയില്‍ മേലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ ശോഭാസുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കെ സി വേണുഗോപാല്‍ മാനനഷ്ടത്തിന് കോടതിയെ സമീപിച്ചത്. ഇതിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷാനാ ബീഗം ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാൻ നിർദേശിച്ചത്.
പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഒരു ചാനല്‍ പരിപാടിക്കിടെ കെ സി വേണുഗോപാലിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. രാജസ്ഥാനിലെ മുൻ മന്ത്രി കിഷോർ ഓംലയുടെ സഹായത്തോടെ കരിമണൽ ഖനനത്തിലൂടെ കെസി വേണുഗോപാൽ വൻ അഴിമതി നടത്തിയെന്നായിരുന്നു ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആരോപണം. ഇതിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അന്ന് എൻഡിഎ സ്ഥാനാർഥി ആയിരുന്ന ശോഭ അവകാശപ്പെട്ടിരുന്നു.
ഇതിനെതിരെയാണ് പൊതുസമൂഹത്തിൽ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും വേണ്ടി ശോഭാ സുരേന്ദ്രൻ ബോധപൂർവ്വം നടത്തിയ പരാമർശമാണിതെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ വക്കീൽ നോട്ടീസ് അയച്ചത്. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ശോഭാ സുരേന്ദ്രൻ വിഷയത്തിൽ മാപ്പ് പറയാൻ തയ്യാറായില്ല. ഇതോടെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വേണുഗോപാൽ ഹർജി ഫയൽ ചെയ്തത്.
കോടതിയിൽ നേരിട്ടെത്തി വേണുഗോപാൽ മൊഴിയും നൽകിയിരുന്നു. ഇതോടെയാണ്, തെളിവിന്റെ പിൻബലമില്ലാതെ കെ സി വേണുഗോപാലിനെതിരെ ശോഭാ സുരേന്ദ്രൻ തുടർച്ചയായി ആരോപണം ഉന്നയിച്ചതിന് ക്രിമിനൽ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ കോടതി ഉത്തരവിട്ടത്. സംഭവത്തിൽ നേരത്തെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലും കെ സി വേണുഗോപാൽ പരാതി നൽകിയിരുന്നു.