Alappuzha Theft: ആലപ്പുഴയിൽ 65കാരിയെ കെട്ടിയിട്ട് മർദിച്ച് മോഷണ സംഘം; പണവും സ്വർണവും കവർന്നു, വീട്ടുസഹായത്തിന് നിന്ന സ്ത്രീയെ കാണാനില്ല
Alappuzha House Invasion Robbery: വീട്ടിലെത്തിയ നാലംഗ മോഷണ സംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം വീട്ടിൽ ഉണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും കവർന്ന ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ആലപ്പുഴ: വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന് മോഷണ സംഘം. ആലപ്പുഴയിലെ മാമ്പുഴക്കരയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ കൃഷ്ണമ്മയെ ആണ് ബന്ദിയാക്കി കവർച്ച നടത്തിയത്. ഇതിന് പിന്നാലെ വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
കുറച്ച് നാളുകളായി വീട്ടിൽ തനിച്ച് താമസിച്ചു വരികയാണ് കൃഷ്ണമ്മ. കഴിഞ്ഞ ദിവസം രാത്രി ആണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലംഗ മോഷണ സംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം വീട്ടിൽ ഉണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും കവർന്നു. ഇതിന് പുറമെ ഓട്ടുവിളക്കും പാത്രങ്ങളും എടിഎം കാർഡും മോഷണം പോയിട്ടുണ്ട്. ഇതെല്ലാം കവർന്ന ശേഷം മോഷണ സംഘം അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.
മോഷണ സംഘത്തിന്റെ ആദ്യ അടിയിൽ തന്നെ കൃഷ്ണമ്മയുടെ ബോധം പോയി. അതുകൊണ്ട് തന്നെ പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് അവർ പറയുന്നു. രാവിലെ ഉണർന്ന ശേഷം കൃഷ്ണമ്മ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
അതേസമയം, മോഷണത്തിന് പിന്നാലെ കൃഷ്ണമ്മയുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന യുവതിയെ കാണാതായിട്ടുണ്ട്. ഒരാഴ്ച മുൻപാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിൽ ജോലിക്കായി എത്തിയത്. നാല് മാസങ്ങൾക്ക് മുൻപാണ് കൃഷ്ണമ്മ യുവതിയെ പരിചയപ്പെട്ടത്ത്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.