Alappuzha Temple Clash: അന്നദാനത്തിനിടെ അച്ചാർ ചോദിച്ചത് നാല് തവണ, കൊടുത്തില്ല; ആലപ്പുഴയിൽ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മർദനം
Alappuzha Elanjiparambu Temple Clash: ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് പലതവണയായി അച്ചാർ ആവശ്യപ്പെട്ടു. നാലാം തവണ ഇത് ആവർത്തിച്ചതോടെ വിളമ്പുകാരനോട് തർക്കിക്കാൻ തുടങ്ങി. ഇത് പരിഹരിക്കാൻ എത്തിയപ്പോഴാണ് രാജേഷിനും ഭാര്യയ്ക്കും യുവാവിൽ നിന്ന് മർദനമേറ്റത്.

ആലപ്പുഴ: അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മർദനം. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിൽ നടത്തിയ അന്നദാനത്തിനിടെയാണ് സംഘർഷമുണ്ടായത്. തുടരെ തുടരെ നാല് തവണ അച്ചാർ ചോദിച്ച് അലോസരപ്പെടുത്തിയ യുവാവിന് അച്ചാർ കൊടുക്കാതെ വന്നതോടെയാണ് ക്ഷേത്രഭാരവാഹിയെ ആക്രമിച്ചത്. തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചതായാണ് പരാതിയിൽ പറയുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം.
ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് പലതവണയായി അച്ചാർ ആവശ്യപ്പെട്ടു. നാലാം തവണ ഇത് ആവർത്തിച്ചതോടെ വിളമ്പുകാരനോട് തർക്കിക്കാൻ തുടങ്ങി. ഇത് പരിഹരിക്കാൻ എത്തിയപ്പോഴാണ് രാജേഷിനും ഭാര്യയ്ക്കും യുവാവിൽ നിന്ന് മർദനം ഏറ്റതെന്നാണ് വിവരം. ആലപ്പുഴ സ്റ്റേഡിയം വാർഡ് അത്തിപ്പറമ്പ് വീട്ടിൽ രാജേഷ് ബാബു, ഭാര്യ അർച്ചന എന്നിവർക്കാണ് സംഭവത്തിൽ പരുക്കേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുൺ എന്ന യുവാവിന് എതിരെ നൽകിയ പരാതിയെ തുടർന്ന് സൗത്ത് പോലീസ് കേസെടുത്തു. സംഘർഷത്തിനിടെ അരുൺ എന്ന യുവാവ് അസഭ്യം പറയുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.
അരുണിനെയും ഒപ്പം ഉണ്ടായിരുന്നവരെ നാട്ടുകാർ ചേർന്നാണ് പിടിച്ചുമാറ്റിയത്. തുടർന്ന് പരിക്കേറ്റ രാജേഷും അർച്ചനയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ അന്ന് തന്നെ ചികിത്സതേടുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവാവ് പ്രശ്നം ഉണ്ടാക്കിയതെന്നും മർദനമേറ്റ രാജേഷും ഭാര്യ അർച്ചനയും പറയുന്നു.
റിട്ട. ജഡ്ജിയിൽ നിന്നും ഓൺലൈനായി തട്ടിയെടുത്തത് 90 ലക്ഷം
വിരമിച്ച ഹൈക്കോടതി ജഡ്ജിയിൽ നിന്നും ഓൺലൈൻ തട്ടിപ്പുസംഘം കൈക്കലാക്കിയത് 90 ലക്ഷം രൂപ. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശികളായ മിർഷാദ്, മുഹമ്മദ് ഷർജിൽ എന്നിവരാണ് സൈബർ പോലീസിൻ്റെ പിടിയിലായിരിക്കുന്നത്. തൃപ്പൂണിത്തുറ എരൂർ സ്വദേശിയായ റിട്ട. ജഡ്ജി ശശിധരൻ നമ്പ്യാർക്കാണ് 90 ലക്ഷം രൂപ തട്ടിപ്പിലൂടെ നഷ്ടമായത്. ഓൺലൈൻ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്.