Alappuzha Accident: ‘അവന്റെ മുഖം ഇപ്പോഴും മനസില്‍ നിന്ന് മായുന്നില്ല, മഴ കാരണം വണ്ടി കൊടുക്കാന്‍ മടിച്ചതാ’
Alappuzha KSRTC Bus And Car Accident: സിനിമയ്ക്ക് പോയി വരാമെന്ന് പറഞ്ഞാണ് കാര്‍ കൊണ്ടുപോയത്. വണ്ടി വാടകയ്ക്ക് കൊടുത്തതല്ല. പരിചയത്തിന്റെ പേരില്‍ സിനിമയ്ക്ക് പോകാനായി കൊടുത്തതാണ്. ആ കൂട്ടത്തില്‍ മുഹമ്മദ് ജബ്ബാറിനെയാണ് പരിചയമുള്ളത്. ജബ്ബാറിന്റെ ചേട്ടന്‍ മിഷാല്‍ തിരുവനന്തപുരത്ത് എഞ്ചിനീയറിങിന് പഠിക്കുകയാണ്. അവനെയും പരിചയമുണ്ട്.
ആലപ്പുഴ: കളര്‍കോട് വെച്ച് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കാര്‍ വാടകയ്ക്ക് കൊടുത്ത ഷമില്‍ ഖാന്‍. അമ്പലപ്പുഴ കക്കാഴം സ്വദേശിയാണ് ഷമില്‍ ഖാന്‍. വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുമായുള്ള പരിചയത്തിന്റെ പേരില്‍ വാഹനം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ഷമില്‍ മാതൃഭൂമിയോട് പ്രതികരിച്ചു. അപകടത്തില്‍ മരിച്ച മുഹമ്മദ് ജബ്ബാറാണ് തന്നെ കാറിനായി ബന്ധപ്പെട്ടതെന്നും ഷമില്‍ പറഞ്ഞു.
സിനിമയ്ക്ക് പോയി വരാമെന്ന് പറഞ്ഞാണ് കാര്‍ കൊണ്ടുപോയത്. വണ്ടി വാടകയ്ക്ക് കൊടുത്തതല്ല. പരിചയത്തിന്റെ പേരില്‍ സിനിമയ്ക്ക് പോകാനായി കൊടുത്തതാണ്. ആ കൂട്ടത്തില്‍ മുഹമ്മദ് ജബ്ബാറിനെയാണ് പരിചയമുള്ളത്. ജബ്ബാറിന്റെ ചേട്ടന്‍ മിഷാല്‍ തിരുവനന്തപുരത്ത് എഞ്ചിനീയറിങിന് പഠിക്കുകയാണ്. അവനെയും പരിചയമുണ്ട്. പാവം വിളിച്ചിട്ട് പറഞ്ഞു, കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോകാനല്ലേ, തിരിച്ച് രാവിലെ തന്നെ എത്തിക്കുമെന്ന്. അങ്ങനെയാണ് കാര്‍ കൊടുക്കുന്നത്.
ഏഴര കഴിഞ്ഞപ്പോഴാണ് കാര്‍ കൊണ്ടുപോയത്. മൂന്നുപിള്ളേരാണ് വന്നത്. വണ്ടാനത്ത് പായസക്കടയില്‍ വെച്ചുള്ള പരിചയമാണ് ജബ്ബാറുമായിട്ടുള്ളത്. പിന്നീട് രാത്രി പത്ത് മണിക്കാണ് അപകട വിവരം അറിഞ്ഞത്. വണ്ടി കൊണ്ടുപോകുമ്പോള്‍ പറഞ്ഞത് സിനിമ കഴിഞ്ഞ ഉടനെ തിരിച്ചുതരാമെന്നാണ്. മഴ കാരണം ആദ്യം കൊടുക്കാന്‍ മടിച്ചു. എന്നാല്‍ ചേട്ടന്‍ വിളിച്ച് പറഞ്ഞു, കുഴപ്പമില്ല, അത്യാവശ്യമല്ലേ ഒരു പടത്തിന് പോയിട്ട് വരട്ടേ വല്ലപ്പോഴുമല്ലേ ഇങ്ങനെ അവധി കിട്ടൂവെന്ന്. അങ്ങനെയാണ് വണ്ടി കൊടുത്തത്.
അവരെ ഒന്ന് സഹായിച്ചതാണ്, എന്നാല്‍ അതിങ്ങനെ ആകുമെന്ന് ആരും കരുതിയില്ല. ഇക്കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ ഉറങ്ങിയിട്ടില്ല, എങ്ങനെ ഉറങ്ങാന്‍ പറ്റും. പിള്ളേര് ചോദിച്ചപ്പോള്‍ എങ്ങനെ കൊടുക്കാതിരിക്കും എന്ന് ഓര്‍ത്ത് കൊടുത്ത് പോയതാണ്. 56 ദിവസത്തെ പരിചയമാണ് ആ കുട്ടികളുമായിട്ടുള്ളത്. കുറച്ച് ദിവസങ്ങളേ ഉള്ളൂവെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു, അതുകൊണ്ടാണ് കൊടുത്തത്. അവന്റെ മുഖം ഇപ്പോഴും മനസില്‍ നിന്ന് മായുന്നില്ല. അവന്റെ ചേട്ടന്‍ വിളിച്ചിരുന്നു, ഇക്കാ ഞാന്‍ പറഞ്ഞതുകൊണ്ടല്ലേ ഇക്ക വണ്ടി കൊടുത്തത്, ഇല്ലെങ്കില്‍ കൊടുക്കില്ലായിരുന്നല്ലോ, എനിക്ക് എന്ത് പറയണമെന്ന് അറിയില്ല ഇക്കാ എന്നും പറഞ്ഞ് കരഞ്ഞു.
അതേസമയം, വാഹനാപകടവുമായി ബന്ധപ്പെട്ട് വാഹന ഉടമയെ ചോദ്യം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണെന്നും വാഹനം വാടകക്ക് നല്‍കാനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. വാടകയ്ക്ക് നല്‍കിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും കാര്‍ ഉടമയെ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ശ്രമിക്കുന്നുണ്ടായിരുന്നു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 2010 രജിസ്‌ട്രേഷനുള്ളതാണ് വാഹനം. കാറിന്റെ പേപ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും റെന്റ് എ കാര്‍ അല്ലെങ്കില്‍ റെന്റ് എ കാബ് എന്ന തരത്തിലുള്ള ലൈസന്‍സ് വാഹനത്തിനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് വാഹനം നല്‍കിയതെന്ന കാര്യം കാര്‍ ഉടമ വ്യക്തമാക്കേണ്ടി വരും. എത്രയും വേഗം ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞത്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പോലീസിന്റെ അന്വേഷണം. അതോടൊപ്പം കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ ഓടിച്ചയാളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ നിലവില്‍ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.