Alappuzha Accident: കാർ അമിതവേഗത്തിൽ, നിർത്തിയെങ്കിലും ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു; കെഎസ്ആർടിസി
Alappuzha KSRTC Bus And Car Accident: ആലപ്പുഴ ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരിമുക്കിനു സമീപം ഇന്നലെ രാത്രിയോടെ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്. ആറുപേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
ആലപ്പുഴ കളർകോട് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോർട്ട് പുറത്ത്. എതിർദിശയിലെത്തിയ കാർ അമിതവേഗത്തിലെത്തി ബസ്സിലിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമിതവേഗതയിലെത്തിയ കാർ ബ്രേക്ക് ചെയ്തപ്പോൾ തെന്നി ബസിനുനേരേ വന്നു ഇടിക്കുകയായിരുന്നു. ഇതുകണ്ട് ഡ്രൈവർ ഇടതുവശം ചേർത്ത് നിർത്തിയെങ്കിലും ബസിന്റെ മുൻവശത്ത് കാർ ഇടിച്ചുകയറുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. കാറോടിച്ചയാളുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആലപ്പുഴ ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരിമുക്കിനു സമീപം ഇന്നലെ രാത്രിയോടെ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്. ആറുപേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
കോട്ടയം പൂഞ്ഞാർ ചേന്നാട് ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ എൻ ബിനുരാജിന്റെ മകൻ ബി ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ കനത്ത മഴയുള്ളപ്പോഴാണ് അപകടം നടന്നത്. മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവർ ആലപ്പുഴയിൽ സിനിമ കാണാൻ പോകുകയായിരുന്നു. വൈറ്റിലയിൽനിന്നു കായംകുളത്തേക്കു പോയ ബസ്സിലേക്ക് കാർ നിയന്ത്രണംതെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് അപകടത്തിൻ്റെ ദൃക്‌സാക്ഷികൾ പറയുന്നത്.
പൂർണമായി തകർന്ന കാർ അരമമണിക്കോറോളം സമയമെടുത്ത് വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ഇവരിൽ മൂന്നുപേർ സ്ഥലത്തുവച്ച് തന്നെ മരിച്ചനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മറ്റ് രണ്ടുപേർ മരിച്ചത്. ബസ്സിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകാൻ നിർദേശം നൽകി.