Alappuzha Accident: സിനിമയ്ക്ക് പോവുകയാണെന്ന് പറഞ്ഞു, മടങ്ങിയെത്തുന്നത് ചേതനയറ്റ ശരീരം, ഏക മകന്റെ വിയോഗം താങ്ങാനാകാതെ മാതാപിതാക്കള്‍
Alappuzha KSRTC Bus and Car Accident: മകന്‍ ഇനിയൊരിക്കലും തങ്ങള്‍ക്കരികിലേക്ക് മടങ്ങിയെത്തില്ലെന്ന യാഥാര്‍ഥ്യം ആ മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. പഠിത്തത്തിലും കായികയിനങ്ങളിലും മിടുക്കനായിരുന്ന ശ്രീദിപ് നാട്ടുകാരുടെയും പൊന്നോമനയായിരുന്നു. സംസ്ഥാന ഹര്‍ഡില്‍സ് താരമാണ് ശ്രീദിപ്.
പാലക്കാട്: ആലപ്പുഴയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മരണപ്പെട്ട വിദ്യാര്‍ഥികളില്‍ പാലക്കാട് സ്വദേശി ശ്രീദിപുമുണ്ട്. മകന്റെ വിയോഗ വാര്‍ത്ത താങ്ങാനാകാതെ എന്ത് ചെയ്യണമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ് ശ്രീദിപിന്റെ അച്ഛനും അമ്മയും. പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അധ്യാപകനായ ശേഖരിപുരം സ്വദേശി വല്‍സന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും ഏക മകനാണ് ശ്രീദീപ്.
സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ പോവുകയാണെന്ന് പറയാനാണ് ശ്രീദിപ് കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കളെ വിളിച്ചത്. എന്നാല്‍ അവസാനമായിട്ടാണ് മകന്‍ തങ്ങളെ വിളിക്കുന്നതെന്ന് ആ മാതാപിതാക്കള്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല.
മകന്‍ ഇനിയൊരിക്കലും തങ്ങള്‍ക്കരികിലേക്ക് മടങ്ങിയെത്തില്ലെന്ന യാഥാര്‍ഥ്യം ആ മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. പഠിത്തത്തിലും കായികയിനങ്ങളിലും മിടുക്കനായിരുന്ന ശ്രീദിപ് നാട്ടുകാരുടെയും പൊന്നോമനയായിരുന്നു. സംസ്ഥാന ഹര്‍ഡില്‍സ് താരമാണ് ശ്രീദിപ്.
രണ്ടാമത്തെ ശ്രമത്തിലാണ് എന്‍ട്രസ് എഴുതി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശ്രീദിപ് എംബിബിഎസിന് അഡ്മിഷന്‍ നേടുന്നത്. മകന്റെ എല്ലാ സ്വപ്‌നങ്ങളിലും കൂടെ നിന്ന മാതാപിതാക്കള്‍ അവന്‍ ഡോക്ടറായെത്തുന്ന നാളും സ്വപ്‌നം കണ്ട് കഴിയുകയായിരുന്നു. എന്നാല്‍ അവസാനമായി അവര്‍ക്ക് കാണാനായി വീട്ടുമുറ്റത്തേക്ക് എത്തുന്നത് മകന്റെ ചേതനയറ്റ ശരീരമാകും. ശ്രീദിപിനെ സ്വീകരിക്കാന്‍ ശ്രീവിഹാറും അവന്റെ നാടും ഒരുങ്ങിക്കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പൊതുദര്‍ശനത്തിന് ശേഷമാണ് ജന്മനാട്ടിലേക്ക് ശ്രീദിപ് മടങ്ങിയെത്തുക.
അതേസമയം, എതിര്‍ദിശയിലെത്തിയ കാര്‍ അമിതവേഗത്തിലെത്തി ബസ്സിലിടിക്കുകയായിരുന്നു എന്ന് കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട്. അമിതവേഗതയിലെത്തിയ കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി ബസിനുനേരേ വന്ന് ഇടിക്കുകയായിരുന്നു. ഇതുകണ്ട് ഡ്രൈവര്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തിയെങ്കിലും ബസിന്റെ മുന്‍വശത്ത് കാര്‍ ഇടിച്ചുകയറികാറോടിച്ചയാളുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമായതെന്നും കെഎസ്ആര്‍ടിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരിമുക്കിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. ആറുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ എന്‍ ബിനുരാജിന്റെ മകന്‍ ബി ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്.
രാത്രി ഒന്‍പത് മണിയോടെ കനത്ത മഴയുള്ളപ്പോഴാണ് അപകടം സംഭവിച്ചത്. 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആലപ്പുഴയില്‍ സിനിമ കാണാന്‍ പോകുകയായിരുന്നു സംഘം. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലേക്ക് കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് അപകടത്തിന്റെ ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമമണിക്കോറോളം സമയമെടുത്ത് വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. ഇവരില്‍ മൂന്നുപേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചനിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മറ്റ് രണ്ടുപേര്‍ മരിച്ചത്. ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്.