5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Air Kerala : കുറഞ്ഞ ചെലവിൽ പറക്കാൻ കേരളത്തിൻ്റെ സ്വന്തം ‘എയർ കേരള’; അനുമതി നൽകി കേന്ദ്രം

Air Kerala Got NOC : കേരളത്തിൻ്റെ സ്വന്തം വിമാന സർവീസായ എയർ കേരളയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ എൻഒസി. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംരംഭകരാണ് എയർ കേരളയ്ക്ക് പിന്നിൽ.

Air Kerala : കുറഞ്ഞ ചെലവിൽ പറക്കാൻ കേരളത്തിൻ്റെ സ്വന്തം ‘എയർ കേരള’; അനുമതി നൽകി കേന്ദ്രം
Air Kerala Got NOC (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 09 Jul 2024 15:16 PM

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൻ്റെ സ്വന്തം വിമാനസർവീസിന് ചിറകുമുളയ്ക്കുന്നു. ഗൾഫിലേക്ക് കേരളത്തിൻ്റെ ബജറ്റ് വിമാനസർവീസായ ‘എയർ കേരള’യ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ എൻഒസി ലഭിച്ചു. ഇതോടെ പ്രവാസി മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംരംഭകരാണ് എയർ കേരളയ്ക്ക് പിന്നിൽ. സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ എന്ന കമ്പനിയാണ് എയര്‍ കേരള വിമാന സര്‍വീസിസിന് ചുക്കാൻ പിടിക്കുന്നത്. യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്, അയ്യൂബ് കല്ലട എന്നിവരാണ് വിമാന സർവീസ് യാഥാർഥ്യമാക്കാൻ ഏറെ പണിയെടുത്തത്. മൂന്ന് വർഷത്തേക്കുള്ള പ്രവർത്തനാനുമതിയാണ് നിലവിൽ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് എയർ കേരള എന്ന് കമ്പനിയുടെ ചെയര്‍മാന്‍ അഫി അഹമ്മദ് പ്രതികരിച്ചു. ‘എയര്‍ കേരള സര്‍വീസ് ആരംഭിക്കാനുള്ള ആദ്യ കടമ്പയാണ് ഇപ്പോൾ ലഭിച്ച എന്‍ഒസി. വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മൂന്ന് ATR 72-600 വിമാനങ്ങൾ ഉപയോഗിച്ചാവും സർവീസ്. അതിന് ഇനിയും എട്ട് മുതല്‍ ഒമ്പത് മാസം വരെ സമയമെടുക്കും. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തദ്ദേശീയമായി സര്‍വീസ് നടത്തും. ടയര്‍ 2, 3 നഗരങ്ങളെ ദക്ഷിണേന്ത്യയിലെ ടയര്‍ 1 നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്നതിലാണ് ശ്രദ്ധ.’ -അഫി അഹമ്മദ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Also Read : Governor Arif Mohammad Khan: ഒപ്പിടരുത് എന്ന് പ്രതിപക്ഷം… ബില്ലിൽ ഒപ്പിട്ട് ​ഗവർണർ; ഇനി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും

എയർ കേരള യാഥാർത്ഥ്യമാക്കുന്നതിനായി താനും കൂട്ടാളികളും വിശ്രമമില്ലാതെ അധ്വാനിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലരും ഈ സംരംഭത്തെ പരിഹസിച്ചു. ഒരിക്കലും നടക്കാത്ത ആഗ്രഹമെന്ന് പലരും ഇതിനെ തള്ളിക്കളഞ്ഞു. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെങ്കിലും എൻഒസി ലഭിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഏറെക്കാലമായി എയര്‍ കേരള വിമാന സർവീസിനെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തോടെയാണ് സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായത്. ഒരു ദശലക്ഷം ദിര്‍ഹം (ഏകദേശം 2 .2 കോടി രൂപ ) ചിലവഴിച്ചാണ് അഫി അഹമ്മദ് https://airkerala.com/ എന്ന വെബ്സൈറ്റ് സ്വന്തമാക്കിയത്. ഇതോടെ പദ്ധതി വേഗത്തിലായി. മൂന്ന് വിമാനങ്ങളിൽ തുടങ്ങുന്ന സർവീസ് അധികം വൈകാതെ 20 വിമാനങ്ങളിലേക്ക് ഉയർത്താനാണ് ഇവരുടെ ശ്രമം. ഇതിന് ശേഷമാവും രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുക. കൊച്ചി ആസ്ഥാനമായാവും എയർ കേരള പ്രവർത്തിക്കുക. 350ലധികം ആളുകള്‍ക്ക് കമ്പനി തൊഴില്‍ നല്‍കും. കേരളത്തിന്റെ വ്യാപാരം, ടൂറിസം മേഖലകളിൽ എയർ കേരള വലിയ സ്വാധീനമുണ്ടാക്കുമെന്നും അധികൃതർ പറയുന്നു.