മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാര്‍
കണ്ണൂരില്‍ നിന്ന് അബുദബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് പോകേണ്ട മൂന്ന് വിമാന സര്‍വീസ് ആണ് ആദ്യം റദ്ദാക്കിയത്
കോഴിക്കോട്: മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ദാക്കി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.
കണ്ണൂരില്‍ നിന്ന് അബുദബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് പോകേണ്ട മൂന്ന് വിമാന സര്‍വീസ് ആണ് ആദ്യം റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് നെടുമ്പാശേരിയിലും നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, ബഹ്‌റൈന്‍, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നിന്ന് റദ്ദാക്കിയത്.
തിരുവനന്തപുരത്ത് നിന്നുള്ള ആറ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളാണ് റദ്ദാക്കിയത്. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‌റൈന്‍, കപവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് വിമാനങ്ങള്‍ റദ്ദാക്കുന്നതിന് വഴി വെച്ചതെന്നാണ് അനൗദ്യോഗിക വിശദീകരണം. അലവന്‍സ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നതെന്നാണ് വിവരം.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണ് ഉണ്ടായതെന്നും യാത്രക്കാര്‍ പറഞ്ഞു.