Air Gun Crimes: 250 രൂപയ്ക്കും കിട്ടും, ലൈസൻസും വേണ്ട- ജീവനെടുക്കുന്ന എയർഗൺ
Air Gun Related Crimes in Kerala : വെടിയുണ്ടകൾക്ക് പകരം എയർ ഗണ്ണുകളിൽ പെല്ലറ്റുകളാണ് ഉപയോഗിക്കുന്നത്, ഈ പെല്ലറ്റുകൾ സാധാരണയായി മൂർച്ചയുള്ളതും നേർത്തതുമാണ്. വായു മർദ്ദം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ തോക്കുകളാണിവ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ തോക്കുകൾ വളരെ എളുപ്പത്തിൽ കിട്ടാറുണ്ട്. അത്തരത്തിൽ അല്ലെങ്കിലും നമ്മുടെ രാജ്യത്തും വളരെ എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്ന ഒന്നാണ് എയർ ഗണ്ണുകൾ. നിയമനടപടിക്രമങ്ങൾ ആവശ്യമില്ലാത്തതും ലൈസൻസ് വേണ്ടാത്തതുമായ തോക്കുകളാണ് ഇവ. എന്നാൽ എയർ ഗണ്ണുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് നടന്ന കൊലപാതകം ഇതിന് ഉദാഹരണമാണ്.
മലപ്പുറത്ത് ചങ്ങരംകുളം, ആലപ്പുഴ ഹരിപ്പാട്, എറണാകുളം ആലുവ എന്നിവിടങ്ങളിലായി മൂന്ന് പേരുടെ ജീവനാണ് ഇതുവഴി നഷ്ടമായത്. എയർ ഗൺമൂലമുള്ള ലോംഗ് റേഞ്ച് ഷൂട്ട് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകില്ലെങ്കിലും, ക്ലോസ് റേഞ്ച് ഷോട്ടുകൾ അപകടകരമാവാനുള്ള സാധ്യത കൂടുതലാണ്. 2023 ൽ മാത്രം ഇത്തരം 10 സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
വെടിയുണ്ടകൾക്ക് പകരം എയർ ഗണ്ണുകളിൽ പെല്ലറ്റുകളാണ് ഉപയോഗിക്കുന്നത്, ഈ പെല്ലറ്റുകൾ സാധാരണയായി മൂർച്ചയുള്ളതും നേർത്തതുമാണ്. വായു മർദ്ദം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ തോക്കുകളിൽ നിന്ന് ഉതിർക്കുന്ന പെല്ലറ്റ് തലയിലോ നെഞ്ചിലോ ആഴത്തിൽ തുളച്ചുകയറിയാൽ ജീവൻ വരെ അപകടത്തിലാവാം. പക്ഷികളെ പേടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഇത്തരം എയർഗണ്ണുകൾ മനുഷ്യർക്കെതിരെ ഉപയോഗിച്ച് തുടങ്ങുന്നതാണ് പലയിടത്തും കണ്ട് വരുന്ന പ്രവണത.
വെറും 250 രൂപ
ഏതെങ്കിലും തിരിച്ചറിയൽ കാർഡ് നൽകി ഓൺലൈൻ സൈറ്റുകളിൽ നിന്ന് പോലും നിങ്ങൾക്ക് എയർ ഗണ്ണുകൾ വാങ്ങാം. 250 രൂപ മുതൽ 25,000 രൂപ വരെയാണ് ഇതിന് സാധാരണ വരുന്ന വില. വാങ്ങുന്ന ആർക്കും ലൈസൻസ് ആവശ്യമില്ലാത്തതിനാൽ, ആരുടെയൊക്കെ കൈവശമാണ് എയർ ഗണ്ണുകളുള്ളതെന്ന് അധികൃതർക്ക് വ്യക്തമായ കണക്കില്ല. ലൈസൻസ് ആവശ്യമുള്ള തോക്കുകളുടെ വിഭാഗത്തിൽ പെടുന്ന ചില തോക്കുകൾ എയർ ഗൺ എന്ന പേരിൽ വിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരത്ത് നടന്നത്
തിരുവനന്തപുരം വഞ്ചിയൂരിൽ എയർ ഗൺ ഉപയോഗിച്ചുണ്ടായ വെടിവെയ്പ്പാണ് ഇത്തരം തോക്കുകളിലേക്ക് വീണ്ടും വാർത്ത ശ്രദ്ധ എത്തിച്ചത്. വള്ളക്കടവ് സ്വദേശി ഷൈനി എന്ന സ്ത്രീയുടെ വലത് കയ്യിലാണ് പെല്ലറ്റ് തറഞ്ഞ് കയറിയത്. കൊറിയർ ഡെലിവറി എന്ന പേരിൽ റെയിൻകോട്ടും മാസ്‌കും ഹെല്‍മെറ്റും ധരിച്ചെത്തിയ ആളാണ് സാധനം ഒപ്പിട്ട് വാങ്ങുന്നതിനിടെ ആക്രമിച്ചത്. ഇയാൾ പിന്നീട് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.