Suresh Gopi: കേരളത്തിന്റെ എയിംസ് സ്വപ്നം അഞ്ച് വർഷത്തിനകം സത്യമാകും; കൊച്ചി മെട്രോ കോയമ്പത്തൂർ വരെ…പദ്ധതികൾ പങ്കുവെച്ച് സുരേഷ് ഗോപി
AIMS will be a reality in five years: ഗുരുവായൂരിനെ വേറെ തന്നെ കാണേണ്ടതുണ്ട്, കേരളത്തിന് തനതായ ടൂറിസം പദ്ധതികളാണ് വേണ്ടത്, ഹരിത പദ്ധതികളായിരിക്കണം അവയെല്ലാം. കണ്ടൽവനവും കായലും തൊട്ടുപോകരുത്
തൃശ്ശൂർ: കേരളം എയിംസ് സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലമേറെയായി. ആ സ്വപ്നം അഞ്ചു വർഷത്തിനകം സത്യമാകും എന്ന വാഗ്ദാനവുമായി കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. തൃശ്ശൂർ പ്രസ്‌ക്ലബ്ബിൽ ‘മീറ്റ് ദ പ്രസി’ൽ ജനപ്രതിനിധിയെന്ന നിലയിലുള്ള വികസനചിന്തകൾ പങ്കുവെക്കുമ്പോഴാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. പക്ഷേ, അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ല എന്നും-സുരേഷ് ഗോപി സൂചിപ്പിച്ചു.
”കേരളത്തിൽ എയിംസ് അഞ്ചു വർഷത്തിനകം സാധ്യമാക്കും. പക്ഷേ, പ്രവർത്തിച്ചു തുടങ്ങാൻ സ്വാഭാവികമായും സമയമെടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എയിംസിനായി പ്രത്യേക പ്രദേശമല്ല, കേരളമാണ് കാണുന്നത്. എയിംസ് ലഭിക്കാൻ ഇപ്പോഴുള്ള തടസ്സം നിർമിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി മെട്രോ-തൃശ്ശൂരും കടന്ന് കോയമ്പത്തൂർ വരെ നീട്ടണമെന്നത് എന്റെ ലക്ഷ്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. അതിനർഥം അത് നടത്തുമെന്നല്ല എന്നും അതിനായി ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളുടെ മുൻഗണന നിശ്ചയിക്കാനാകില്ല, ജനങ്ങൾക്ക് ഗുണകരമാകുന്നതിനാണ് പ്രഥമ പരിഗണന, ഇങ്ങോട്ട് ആവശ്യപ്പെട്ടതിനും അങ്ങോട്ട് വാഗ്ദാനം ചെയ്തതിനുമപ്പുറം പലതും ചെയ്യാനുണ്ടെന്ന് മനസ്സിലാക്കുന്നു തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
ALSO READ : എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോ….സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം
മറ്റൊന്ന് തീർഥാടന ടൂറിസത്തിന്റെ സർക്യൂട്ടാണ്. നാഗപട്ടണത്തു നിന്ന് തുടങ്ങി തൃശ്ശൂരിലെ ലൂർദ്മാതാവിന്റെ പള്ളി വരെ നീളുന്ന ടൂറിസം സർക്യൂട്ടാണത്. നാഗപട്ടണം, വേളാങ്കണ്ണി, ഡിണ്ടിഗൽ, മംഗളാദേവി, കാലടി, മലയാറ്റൂർ, ഭരണങ്ങാനം, കൊടുങ്ങല്ലൂർ വഴി തൃശ്ശൂർ ലൂർദ്പള്ളിയിലേക്കെത്തും വിധമാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇതിന്റെ രൂപരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഗുരുവായൂരിനെ വേറെ തന്നെ കാണേണ്ടതുണ്ട്, കേരളത്തിന് തനതായ ടൂറിസം പദ്ധതികളാണ് വേണ്ടത്, ഹരിത പദ്ധതികളായിരിക്കണം അവയെല്ലാം. കണ്ടൽവനവും കായലും തൊട്ടുപോകരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെല്ലാം നിക്ഷേപങ്ങളൊരുക്കാൻ ഒരാൾക്കുമാത്രമായി സാധിക്കില്ല. വ്യവസ്ഥകളെല്ലാം പാലിച്ച് നിക്ഷേപമിറക്കാൻ വരുന്നവരെ തടസ്സപ്പെടുത്തരുത്. കലാകാരനെ ഉപയോഗിക്കുന്ന വാണിജ്യപരിപാടികളിൽ പങ്കെടുക്കുമ്പോൾ പണം വാങ്ങും. ആ കാശിൽ നയാപൈസ എന്റെ വീട്ടിൽ കൊണ്ടുപോകില്ല, പാവങ്ങൾക്കുള്ളതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.