5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലേ ഈ വൈറസ് – കെ.കെ. ശൈലജ

പാനൂര്‍ സ്‌ഫോടനം മാത്രം ചര്‍ച്ചയാക്കുന്നവര്‍ ദേശീയതലത്തിലെ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലേ ഈ വൈറസ് – കെ.കെ. ശൈലജ
aswathy-balachandran
Aswathy Balachandran | Published: 20 Apr 2024 15:00 PM

വടകര: അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരേ ഉണ്ടായ സൈബർ ആക്രമണം തന്റെ മനോവീര്യം ഒട്ടും ചോർത്തിയിട്ടില്ലെന്ന പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രിയും എല്‍.ഡി.എഫിന്റെ വടകര സ്ഥാനാര്‍ഥിയുമായ കെ.കെ. ശൈലജ രം​ഗത്ത്. വടകര പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കെ.കെ. ശൈലജ പ്രതികരിച്ചത്. പാനൂര്‍ സ്‌ഫോടനം മാത്രം ചര്‍ച്ചയാക്കുന്നവര്‍ ദേശീയതലത്തിലെ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കി എന്ന് ആരും കരുതേണ്ടെന്നും തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ലെന്നും ശൈലജ പറഞ്ഞു. ജനം കാണട്ടെ, മനസ്സിലാക്കട്ടെ. അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. സഹികെട്ടപ്പോഴാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. ആരാണ് ഈ മനോരോഗികള്‍, ശൈലജ ചോദിച്ചു. നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലെ ഈ വൈറസ്. അന്ന് അല്‍പം ദേഷ്യം ഉണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ആകെ ക്ഷീണം ആയി എന്ന് ആരും കരുതണ്ട, എനിക്ക് ക്ഷീണം ഇല്ല, എന്നും ശൈലജ പ്രതികരിച്ചു.

ചില മുസ്ലിം പേരുകളില്‍ ഐഡി ക്രിയേറ്റ് ചെയ്ത് തെറി വിളിച്ച് ഐഡി ഡിലീറ്റ് ചെയ്യുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതെല്ലാം പൊതുജനം മനസ്സിലാക്കണം. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ വിശ്വസിക്കില്ല. സ്ത്രീ എന്ന നിലയില്‍ മാത്രമല്ല, രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി കൂടി തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ പ്രചാരണം നടത്തിയത്. ഇതിന് മറ്റ് സമാന സംഭവങ്ങള്‍ ഇല്ല. രാഷ്ട്രീയത്തില്‍ പുരുഷന്മാരോടൊപ്പം എല്ലാ അവകാശങ്ങളും ഉള്ള നേതാവാണ് താനെന്നും ശൈലജ പറഞ്ഞു.അതേസമയം, പി.ആര്‍. ഉപയോഗിക്കുന്നവര്‍ക്ക് എന്ത് കണ്ടാലും പി.ആര്‍. ആണെന്ന് തോന്നുമെന്ന് വി.ഡി സതീശനുള്ള മറുപടിയായി ശൈലജ ആഞ്ഞടിച്ചു. എനിക്ക് പി.ആര്‍. പ്രൊഫഷണല്‍ ടീം അന്നും ഇന്നും ഇപ്പോളും ഇല്ല. പി.ആര്‍. ഉപയോഗിക്കുന്നവര്‍ക്ക് എല്ലാം മഞ്ഞയായി കാണും. അനുയായികളെ അറസ്റ്റ് ചെയ്യുമ്പോള്‍ സതീശന്‍ അവരെ തള്ളിപ്പറയട്ടേയെന്നും ശൈലജ പറഞ്ഞു.
പാനൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് ദേശീയതലത്തിലുള്ള പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ശൈലജ ആരോപിച്ചു. പാനൂര്‍ കേസിലെ പ്രതികള്‍ സി.പി.എമ്മുകാരല്ല. പ്രാദേശികമായ പ്രശ്‌നങ്ങള്‍ തുടര്‍ചര്‍ച്ചയാക്കണം എന്ന് വാശി പിടിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ദേശീയ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ചയാക്കരുതോ? ചെയ്യേണ്ടതുതന്നെയാണോ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആലോചിക്കണം.