5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പുതിയ സംവിധാനം; ഇമെയിലും ഫോണ്‍ നമ്പരുമായി പോലീസ്‌

Kerala Police: അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിന്റെ ഇ മെയില്‍ ഐഡിയാണ് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി നല്‍കിയത്. ഇതുവഴി ലഭിക്കുന്ന പരാതികള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരിക്കും രജിസ്റ്റര്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

Hema Committee Report: സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പുതിയ സംവിധാനം; ഇമെയിലും ഫോണ്‍ നമ്പരുമായി പോലീസ്‌
shiji-mk
SHIJI M K | Published: 28 Aug 2024 06:08 AM

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിനായി പുതിയ സംവിധാനമൊരുക്കി കേരള പോലീസ്. ഇ മെയില്‍ വഴിയും ഫോണ്‍ നമ്പര്‍ വഴിയുമാണ് പരാതികള്‍ അയക്കാന്‍ സൗകര്യമുള്ളത്. ഇതുവഴി പരാതി അറിയിക്കുന്നവരുടെ മൊഴി രേഖപ്പെടുത്താനും തുടര്‍നടപടികളിലേക്ക് കടക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. പരാതികളില്‍ സ്വകാര്യത മാനിച്ചുകൊണ്ടുള്ള നടപടികളായിരിക്കും സ്വീകരിക്കുക.

digitvmrange.pol@kerala.gov.in എന്ന മെയില്‍ ഐഡിയിലും 0471-2330747 എന്ന നമ്പറിലും ആണ് പരാതികള്‍ അറിയിക്കേണ്ടത്. അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിന്റെ ഇ മെയില്‍ ഐഡിയാണ് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി നല്‍കിയത്. ഇതുവഴി ലഭിക്കുന്ന പരാതികള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരിക്കും രജിസ്റ്റര്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

Also Read: Siddique: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു; നടൻ സിദ്ദിഖിനെതിരെ പരാതി നൽകി നടി

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍. ക്രൈം എഡിജിപി നേതൃത്വം നല്‍കുന്ന സംഘത്തെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നാല് വനിതാ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ഏഴ് അംഗ സംഘമാണ് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തേയാണ് വിഷയത്തിലുള്ള പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത്. എഡിജിപി വെങ്കിടേഷാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. എസ് അജിത ബീഗം, മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റേ, അജിത്ത് വി, എസ് മധുസൂദനനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുക. ഇതുവരെ വെളിപ്പെടുത്തലുകള്‍ നടത്തിയ അല്ലെങ്കില്‍ പരാതികള്‍ അറിയിച്ച സ്ത്രീകളെ അങ്ങോട്ട് ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും പരാതിയുമായി മുന്നോട്ട് പോകാനും മൊഴി നല്‍കാന്‍ താത്പര്യമുണ്ടോയെന്ന് എന്ന് അന്വേഷിക്കുകയും ചെയ്യും.

ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നവര്‍ മൊഴി നല്‍കിയാല്‍ തുടരന്വേഷണം ഉണ്ടാകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച രഞ്ജിത്ത്, അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച സിദ്ദിഖ് എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളായിരിക്കും ആദ്യം അന്വേഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആരോപണങ്ങളെ തുടര്‍ന്ന് സംഘടനയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. നേരത്തെ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സംഘടനയ്ക്കുള്ളിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അഴിച്ചുപണികള്‍ നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ രാജിവെച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സമൂഹ-ദൃശ്യ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ‘അമ്മ’ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ ലൈംഗികാരോപണങ്ങള്‍ നേരിടേണ്ടി വന്ന പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാജിവെക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിവരുന്ന സഹായവും അമ്മയുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസമില്ലാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്കാലിക സംവിധാനമായി തുടരും.

Also Read: Malayalam Film Industry: വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ മേഖല; കിതച്ച് തീയറ്ററുകൾ

‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും, രാജിവെച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ മോഹന്‍ലാല്‍ പറയുന്നു.

ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ‘അമ്മ’യിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. കൂടുതലും ‘അമ്മ’യിലെ വനിതാ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നതെന്നാണ് വിവരം.

സീനിയറോ, ജൂനിയറോ ആയാലും ആരോപണം വന്നാല്‍ നേതൃസ്ഥാനത്തുനിന്ന് രാജിവെക്കുന്നതാണ് ഉചിതമെന്ന് ശ്വേതാ മേനോന്‍ പ്രതികരിച്ചു. സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവെച്ചു. ബാബുരാജ് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു. ആരായാലും ആരോപണം ഉയര്‍ന്നാല്‍ മാറി നില്‍ക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News