5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ

Naveen Babu Death: പെട്രോൾ പമ്പിന് ആരംഭി​ക്കാനിരിക്കുന്ന സ്ഥലത്തെ റോഡിന് വളവുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട്, ടൗൺ പ്ലാനിം​ഗ് വിഭാ​ഗത്തോട് റിപ്പോർട്ട് തേടിയത് സ്വാഭാവിക നടപടി മാത്രമാണ്.

ADM Naveen Babu: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ
ADM Naveen BabuImage Credit source: Social Media
athira-ajithkumar
Athira CA | Updated On: 22 Oct 2024 07:50 AM

കണ്ണൂർ: കൈക്കൂലി ആരോപണത്തെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥനെന്ന് റവന്യൂ വകുപ്പ്. കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എഡിഎം നവീൻ ബാബു എൻഒസി നൽകിയത് നിയമപരമായ നടപടികൾ കെെക്കൊണ്ടാണെന്നാണ് ലാൻഡ് റവന്യൂ വകുപ്പ് ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ വെെകിപ്പിച്ചതിനോ കെെക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. എഡിഎമ്മിന്റെ മരണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് നിർണായക വിവരം പുറത്തുവരുന്നത്. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സംസ്ഥാന സർക്കാരിന് കെെമാറും.

പെട്രോൾ പമ്പിനുള്ള എൻഒസി ബോധപൂർവ്വം നവീൻ ബാബു വച്ചുതാമസിപ്പിച്ചിട്ടില്ല. പെട്രോൾ പമ്പിന് ആരംഭി​ക്കാനിരിക്കുന്ന സ്ഥലത്തെ റോഡിന് വളവുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട്, ടൗൺ പ്ലാനിം​ഗ് വിഭാ​ഗത്തോട് റിപ്പോർട്ട് തേടിയത് സ്വാഭാവിക നടപടി മാത്രമാണ്. റോഡിന് വീതിക്കൂട്ടും എന്നുള്ളതു കൊണ്ട് പമ്പിന് അനുമതി നൽകാം എന്ന പ്ലാനിം​ഗ് വിഭാ​ഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഡിഎം പിന്നീട് എൻഒസി നൽകിയത്. പരാതിക്കാരൻ പ്രശാന്തിന്റെ ആവശ്യം തീർപ്പാക്കാനുള്ള നടപടികൾ നവീൻ ബാബു കെെക്കൊണ്ടുവെന്ന മൊഴികളാണ് റവന്യൂ വകുപ്പിന് ലഭിച്ചിരിക്കുന്നത്. നവീൻ ബാബു കോഴ വാങ്ങിയതിന് തെളിവുമില്ലെന്നും ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ​ഗീത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ കളക്ടറുടെ ഔദ്യോ​ഗിക വസതിയിലെത്തിയാണ് സംഘം മൊഴി രേഖപ്പെടുത്തിയത്. ചടങ്ങിലേക്ക് താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന റവന്യൂ വകുപ്പിന് നൽകിയ മൊഴി തന്നെയാണ് കളക്ടർ പൊലീസിനും നൽകിയിരിക്കുന്നതെന്നാണ് വിവരം.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹം എൻഒസിയ്ക്ക് അനുമതി നൽകാൻ കെെക്കൂലി വാങ്ങിച്ചെന്നും തെളിവുകൾ രണ്ട് ദിവസത്തിനകം പുറത്തുവിടുമെന്നും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ആരോപണമുയർത്തിയിരുന്നു. എന്നാൽ നവീൻ ബാബുവിന്റെ മരണ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടെ ദിവ്യ ഒളിവിലാണ്. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥനായിരുവെന്ന റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വരുന്നത്. റവന്യൂ വകുപ്പ് സംഘത്തിനോ, പൊലീസിനോ പക്കലുള്ള തെളിവുകൾ കെെമാറാനോ മൊഴി നൽകാനോ ദിവ്യ ഇതുവരെയും തയ്യാറായിട്ടില്ല.

നവീൻ ബാബു 98,500 രൂപ കെെക്കൂലി വാങ്ങിയെന്ന് പറയപ്പെടുന്ന സംഭവത്തിൽ പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്തുവന്നിരുന്നു. പരാതിയിലെ ഒപ്പ്, തീയതി, പേര്, എന്നിവയിലെ വ്യത്യാസങ്ങൾ പുറത്തുവന്നിരുന്നു. എഡിഎം നവീൻ ബാബു അവസാനം കളക്ടറേറ്റിലെ രണ്ട് ഉദ്യോ​ഗസ്ഥർക്കാണ് സന്ദേശം അയച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ചെവ്വാഴ്ച പുലർച്ചെ 4.58ന് ഭാര്യയുടെയും മക്കളുടെയും ‌ഫോൺ നമ്പറായിരുന്നു കളക്ടറേറ്റിലെ ഉദ്യോ​ഗസ്ഥർക്ക് അയച്ചത്.