ADM Naveen Babu Death: എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യക്കെതിരെ കേസ്
Case Against PP Divya: എഡിഎമ്മിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസ്. കണ്ണൂർ ടൗൺ പൊലീസാണ് ദിവ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഡിഎമ്മിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
യാത്രയയപ്പ് വേദിയിലെ പിപി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടിയിരുന്നതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് പിപി ദിവ്യക്കെതിരെ നവീൻ ബാബുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എഫ്ഐആറിൽ അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എന്റെ സഹോദരൻ നവീൻ ബാബു കണ്ണൂർ എഡിഎം ആയി ജോലി ചെയ്ത് വരിയയായിരുന്നു. 14-ാം തീയതി കണ്ണൂർ കളക്ടറേറ്റിൽ അദ്ദേഹത്തിന്റെ യാത്രയപ്പ് യോഗം നടന്നു. പ്രസ്തുത ചടങ്ങിലേക്ക് ക്ഷണിക്കാതെയും മുന്നറിയിപ്പ് ഇല്ലാതെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കടന്നുവന്നു. ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം ഒരു പെട്രോൾ പമ്പിന് എൻഒസി നൽകിയില്ലെന്നും എന്നാൽ പിന്നീട് എൻഒസി നൽകിയതിൽ അവിഹിത സ്വാധീനം ഉണ്ടെന്നും പറഞ്ഞ് ആ മീറ്റിങ്ങിൽ വച്ച് പരസ്യമായി അപമാനിച്ചു.
എന്റെ സഹോദരൻ അഴിമതിക്കാരനാണെന്ന നിലയിലുള്ള വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കുകയും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ അപമാനിക്കുകയും ചെയ്തു. ഒരു നിമിഷം മതി സർക്കാർ ജീവനക്കാരനായ എന്റെ സഹോദരന് എന്തും സംഭവിക്കും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയതിന് ശേഷം ചടങ്ങിൽ നിന്ന് പിപി ദിവ്യ ഇറങ്ങി പോയി. പിറ്റേ ദിവസം രാവിലെ എന്റെ സഹോദരനെ പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വിവരം ലഭിച്ചു.
സഹോദരന്റെ മരണത്തിന് കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണിയും പെട്രോൾ പമ്പിന്റെ സംരംഭകൻ പ്രശാന്തനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ്. ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് സഹോദരന്റെ പരാതിയിൽ പറയുന്നു. ഈ പരാതിയിന്മേലാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പിപി ദിവ്യയുടെ അഴിമതി ആരോപണത്തിൽ മനംനൊന്താണ് ആത്മഹത്യ. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും രണ്ടു ദിവസത്തിനകം കാട്ടിതരാമെന്നുമാണ് അവര്‍ പറഞ്ഞത്.