Naveen Babu : നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹൈക്കോടതിയില്‍ സംഭവിച്ചത്
ADM Naveen Babu Death Case : നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്നും, അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ ഹർജിക്കാരെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എസ്‌ഐടി അന്വേഷണം നടത്തണം. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് റേഞ്ച് ഡിഐജിയുടെ അനുമതിയോടെ വേണമെന്നും വ്യക്തമാക്കി
കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്നും, അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ ഹർജിക്കാരെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എസ്‌ഐടി അന്വേഷണം നടത്തണം. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് റേഞ്ച് ഡിഐജിയുടെ അനുമതിയോടെ വേണമെന്നും വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിധി പറഞ്ഞത്. എസ്ഐടി റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹര്‍ജിയില്‍ ആരോപിച്ച കാര്യങ്ങള്‍ എസ്‌ഐടി അന്വേഷിക്കണം. അന്വേഷണത്തിന് ശേഷം ഡ്രാഫ്റ്റ് ഫൈനൽ റിപ്പോര്‍ട്ട് ഡിജിപ്പിക്ക് നല്‍കി അന്തിമ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇക്കാര്യങ്ങളടക്കം അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
എന്നാല്‍ വിധിയില്‍ തൃപ്തയല്ലെനന്ന് മഞ്ജുഷ വ്യക്തമാക്കി. അപ്പീല്‍ നല്‍കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ പ്രതിയുമായ കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം.
കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്നായിരുന്നു കുടുംബം ഹര്‍ജിയില്‍ ആരോപിച്ചത്. ഇന്‍ക്വസ്റ്റ് സമയത്ത് കുടുംബാംഗങ്ങള്‍ ഇല്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും, നവീന്‍ കൈക്കൂലി നല്‍കിയെന്ന പ്രശാന്തന്റെ പരാതി വ്യാജമാണെന്നും നവീനിന്റെ കുടുംബം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും, ഇത് പരിഗണിച്ചില്ലെന്നും, പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു.
പ്രതിഭാഗത്ത് പ്രബലരാണെന്നതിനാല്‍ നീതി ലഭിക്കാന്‍ സിബിഐ വരണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ നീതി പുലര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നും, ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
എസ്‌ഐടിയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും, കേസുമായി ബന്ധപ്പെട്ട് ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പ്രതികരിച്ചു. പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് കോടതിയില്‍ പോയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് മഞ്ജുഷ വ്യക്തമാക്കി. പ്രതീക്ഷിച്ച വിധിയല്ലെന്നും അപ്പീലുമായി മുന്നോട്ടുപോകുമെന്നും നവീനിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും വ്യക്തമാക്കി. കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നായിരുന്നു സിബിഐയുടെ നിലപാട്.
Read Also : എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ: ടി വി പ്രശാന്ത് കെെക്കൂലി നൽകിയതിന് തെളിവില്ല, റിപ്പോർട്ട്
അതേസമയം, സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, ആ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മികച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രാജു എബ്രഹാം.