ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ADM Naveen Babu Death Case: ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിൻ്റെ കുടുംബം ഇതിനോട് പ്രതികരിച്ചു. പോലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നു അവർ ഇതുവരെ അത് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു.
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിൻ്റെ കുടുംബം ഇതിനോട് പ്രതികരിച്ചു. പോലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നു അവർ ഇതുവരെ അത് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു.
തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധിയുണ്ടായത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് നിലവിൽ പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
അധികാരപരിധിയിൽപെടാത്ത കാര്യമായിട്ടും ഒരു എഡിഎമ്മിന് മേൽ സ്വകാര്യപമ്പിന് അനുമതി നൽകാൻ സമ്മർദം ചെലുത്തിയെന്ന് ഉൾപ്പെടെ നവീൻ ബാബുവിൻ്റെ കുടുംബത്തിന് വേണ്ടി വാദിച്ച അഭിഭാഷകൻ പറഞ്ഞു. പെട്രോൾ പമ്പ് ബെനാമി ഇടപാടെന്നും ഇതിൽ ദിവ്യയുടെ ബന്ധം അന്വേഷിക്കണമെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും. പെട്രോൾ പമ്പിൽ ദിവ്യയുടെ താത്പര്യമെന്താണെന്ന് കണ്ടെത്തണമെന്നും അഭിഭാഷകൻ വാദിച്ചു.
എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് ചടങ്ങിൽ നടന്ന പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പോലീസിനും ലഭിച്ചിരിക്കുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്ന് സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്ടറും ഇക്കാര്യം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, അവിടെ എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.
എഡിഎമ്മിനെ സമ്മർദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തിൽ ദിവ്യ പറഞ്ഞത്. കളക്ടറേറ്റിലെ യോഗത്തിൽ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാൻ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നായിരുന്നു സ്റ്റാഫിൽ ഒരാൾ മൊഴി നൽകി.