5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thrissur Pooram Issue: പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വാഭാവമുള്ളവ; പുറത്തുവിടില്ലെന്ന് സർക്കാർ

Kerala Government Refuses to Release Thrissur Pooram Report: വിവരാവകാശ നിയമത്തിലെ സെക്ഷൻ 24/4 പ്രകാരം രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപ്പോർട്ട് പുറത്ത് വിടാൻ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തത്.

Thrissur Pooram Issue: പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വാഭാവമുള്ളവ; പുറത്തുവിടില്ലെന്ന് സർക്കാർ
തൃശൂർ പൂരം, എഡിജിപി എം.ആർ അജിത്കുമാർ (Image Credits: PTI, ADGP Ajithkumar Facebook)
nandha-das
Nandha Das | Updated On: 13 Oct 2024 20:02 PM

തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപി എം ആർ അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറല്ലെന്ന് സംസ്ഥാന സർക്കാർ. രഹസ്യ സ്വഭാവമുള്ള രേഖയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് അറിയിച്ചത്. പൂരം കലക്കൽ സംബന്ധിച്ച് നിയമസഭയിലും ആരോപണങ്ങൾ ഉയർന്നതോടെയായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോൾ റിപ്പോർട്ട് പുറത്തുവിടില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മാതൃഭൂമി ന്യൂസ് നൽകിയ വിവരാവകാശ രേഖയിലാണ് റിപ്പോർട്ട് പുറത്തുവിടില്ലെന്ന കാര്യം സർക്കാർ അറിയിച്ചത്.

വിവരാവകാശ നിയമത്തിലെ സെക്ഷൻ 24/4 പ്രകാരം രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപ്പോർട്ട് പുറത്ത് വിടാൻ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തത്. തൃശൂർ പൂരം കലക്കലിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി അറിയിച്ചിരുന്നു. എന്നാൽ, ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്നും, എന്തിന് വേണ്ടിയാണ് ഇത് നടത്തിയതെന്നുമുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നുമില്ല.

മുമ്പ് എഡിജിപിക്ക് എതിരായ അന്വേഷണ രേഖ പുറത്തുവിടാൻ ആവശ്യപ്പെട്ട സന്ദർഭത്തിലും സമാനമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തൃശൂർ പൂരം കലക്കലിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന നിലപാട് തന്നെയാണ് അവിടുത്തെ ദേവസ്വത്തിന്റേതും. ഇക്കാര്യത്തിൽ, സർക്കാരിന് എന്താണ് മറച്ചുവെക്കാനുള്ളതെന്ന് തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോൾ വ്യാപകമായി ഉയരുന്നുണ്ട്.

ALSO READ: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ്; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: വി എന്‍ വാസവന്‍

അതേസമയം, പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ടെങ്കിലും, അവിടെയും റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ, വിവരാവകാശ നിയമപ്രകാരം മാത്രമേ റിപ്പോർട്ട് പുറത്തുവരാൻ സാധ്യതയുള്ളൂ. അതിനാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാറും വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്.

വിവരാവകാശ നിയമത്തിലെ സെക്ഷൻ 24/4 പ്രകാരം രാജ്യതാത്പര്യത്തെ മുൻനിർത്തി രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള വിഷയങ്ങൾ, ഇന്റലിജൻസ് രേഖകൾ എന്നിവയാണ്  പുറത്തുവിടേണ്ട ആവശ്യമില്ലാത്തവ. ഇന്റലിജൻസ് രേഖകൾ, സെൻസിറ്റീവ് റെക്കോർഡുകൾ, എന്നിവ ആഭ്യന്തര വകുപ്പിലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത രേഖകളാണ്. ഇത്തരം രേഖകൾക്കായി ആവശ്യപ്പെടുകയാണെങ്കിൽ അവ നൽകാൻ ആഭ്യന്തര വകുപ്പ് ബാധ്യസ്ഥരല്ല.