5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADGP Ajith Kumar: എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കി; പകരം ചുമതല എഡിജിപി എസ്‍ ശ്രീജിത്തിന്

ADGP Ajith Kumar Removed from the Post of Sabarimala Chief Police Coordinator: പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്താണ് ശബരിമലയിലെ പുതിയ പോലീസ് ചീഫ് കോ-ഓർഡിനേറ്റർ.

ADGP Ajith Kumar: എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കി; പകരം ചുമതല എഡിജിപി എസ്‍ ശ്രീജിത്തിന്
എഡിജിപി അജിത് കുമാർ (Image Credits: Kerala Police)
nandha-das
Nandha Das | Published: 15 Oct 2024 23:46 PM

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെ ശബരിമലയിലെ പോലീസ് ചീഫ് കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്നും എഡിജിപി എം ആർ അജിത് കുമാറിനെ നീക്കം ചെയ്ത് സർക്കാർ. പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്താണ് പുതിയ കോ-ഓർഡിനേറ്റർ. ശ്രീജിത്തിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി.

മുമ്പ് ക്രമസമാധാന ചുമതല ഉണ്ടായിരുന്ന അജിത് കുമാർ തന്നെയായിരുന്നു ചീഫ് കോ-ഓർഡിനേറ്റർ ചുമതലയും വഹിച്ചിരുന്നത്. എന്നാൽ, നേരത്തെ നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുകയായിരുന്നു. തുടർന്ന്, ശബരിമലയിലെ പോലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉൾപ്പടെയുള്ള കാര്യങ്ങൾ കൃത്യമായി നടത്തുന്നതിനായി പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുന്നെന്ന് സർക്കാർ ഉത്തരവിറക്കി. ശ്രീജിത്തിന് നേരത്തെ ശബരിമല പോലീസ് ചീഫ് കോ-ഓർഡിനേറ്റർ ചുമതല വഹിച്ച് പരിചയമുണ്ട്. അതുകൂടി കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ ചുമതല നൽകിയത്.

ALSO READ: പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വാഭാവമുള്ളവ; പുറത്തുവിടില്ലെന്ന് സർക്കാർ

അജിത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് പുറത്തിറക്കിയത്. ആ ഉത്തരവാണ് ഇപ്പോൾ ഡിജിപി മാറ്റിയിറക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡും അജിത്കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.

അതേസമയം, അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നേരത്തെ മാറ്റിയിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥനത്തിലായിരുന്നു നടപടി. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ഇടപെടൽ തുടങ്ങിയ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നത്. പിവി അൻവർ എംഎൽഎ ആയിരുന്നു എഡിജിപിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനു പിന്നാലെ ഇദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം മാത്രമല്ല, എൽഡിഎഫ് ഘടകകക്ഷികൾ ഉൾപ്പടെ ആവശ്യപ്പെടുകയായിരുന്നു.