Actress Attack Case: പോരാട്ടത്തിന്റെ ഏഴ് വര്‍ഷങ്ങള്‍; എങ്ങുമെത്താതെ നടി ആക്രമിക്കപ്പെട്ട കേസ്
Actress Attack Case Seven Years: രണ്ട് മണിക്കൂറോളം ഉപദ്രവിച്ച ശേഷം നടിയെ പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. മലയാള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പള്‍സര്‍ സുനിയായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവം നടന്ന ദിവസം തന്നെ നടി എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പിന്നീട് കേസിലെ ഏഴ് പ്രതികളില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: 2017 ഫെബ്രുവരി പതിനേഴിനാണ് മലയാള സിനിമയിലെ പ്രമുഖ നടി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ ആയിരുന്നു അതിക്രമം. പീഡന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അന്ന് മുതല്‍ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങള്‍ വന്നെത്തിയിരിക്കുന്നത് ഏഴാം വര്‍ഷത്തിലേക്കാണ്.
രണ്ട് മണിക്കൂറോളം ഉപദ്രവിച്ച ശേഷം നടിയെ പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. മലയാള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പള്‍സര്‍ സുനിയായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവം നടന്ന ദിവസം തന്നെ നടി എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പിന്നീട് കേസിലെ ഏഴ് പ്രതികളില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് അന്വേഷണം. കാക്കനാട് സബ് ജയിലില്‍ കഴിയുന്നതിനിടെ പള്‍സര്‍ സുനി സഹതടവുകാരനായിരുന്ന ജിന്‍സനോട് കുറ്റകൃത്യം നടത്തിയതിനെ കുറിച്ച് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്.




പിന്നീട് ദിലീപിനെഴുതിയ പള്‍സര്‍ സുനിയുടെ കത്തും പുറത്തുവന്നിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയുമായി നടിക്ക് സൗഹൃദമുണ്ടായിരുന്നു എന്ന വാദമായി ദിലീപ് ഉയര്‍ത്തിയത്. പിന്നീട് ദിലീപിനെയും സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരോട് കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അറിയിച്ചതാണ് ആക്രമണത്തിന് ഇരയായ നടിയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ദിലീപിനെ പിന്നീട് മലയാളം മൂവി ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി.
85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. 650 പേജുള്ള കുറ്റപത്രമാണ് അന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചത്. 12 പേരാണ് പ്രതികളായിട്ടുള്ളത്. ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ആക്രമണം നടന്ന് ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് കേസില്‍ വിചാരണ ആരംഭിച്ചത്. വിചാരണ അവസാനിക്കാറായ വേളയില്‍ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണ് നടി. ദിലീപ് തന്നെയാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് നടി ആരോപിക്കുന്നത്. ദിലീപിനെതിരെ അനുകൂല പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ വിചാരണ കോടതി നോട്ടീസ് അയച്ചിരുന്നു.