Kasaragod girl molested case: കാസർകോട് 10 വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ: കുടുങ്ങിയത് വീട്ടിലേക്കുള്ള ഫോൺവിളിക്കിടെ
മേയ് 15നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതിയെ ഇന്ന് രാത്രി എട്ട് മണിയോടെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.
കാസർകോട്: കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്നയാളെ പിടികൂടി. ആന്ധ്രയിൽ നിന്നാണു ഇയാളെ പൊലീസ് പിടികൂടിയത്. കുടക് സ്വദേശിയാണ് പ്രതി. വീട്ടിലേക്കുള്ള ഫോൺവിളിക്കിടെയാണ് പ്രതി കുടുങ്ങിയത്.
ഇയാൾ വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ പ്രവർത്തിക്കുകയും ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ ഇന്ന് രാത്രി എട്ട് മണിയോടെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.
മേയ് 15നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ തക്കം നോക്കി വീട്ടിനുള്ളിൽ കയറിയ പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് പീഡനത്തിനിരയാക്കിയ ശേഷം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയുടെ സ്വർണക്കമ്മലും ഇയാൾ കവർന്നു.
പെൺകുട്ടിയുടെ വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇയാളുടെ രേഖാചിത്രം പൊലീസ് വരച്ചിരുന്നു.
രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ട് കേസുകളിലും ഇയാൾ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിയും കുടുംബവും കുട്ടിയുടെ വീടിന് സമീപം താമസിക്കുകയായിരുന്നു. നേരത്തേയും ഇയാൾ പോക്സോ കേസിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്.
ബന്ധുവായ പെൺകുട്ടിയെ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാളുടെ പേരിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇയാൾക്കെതിരേ കർണാടകയിലെ കുടക്, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.