വ്ളോഗറായ വിദേശ വനിതയെ ചുംബിക്കാൻ ശ്രമം; പാലക്കാട് സ്വദേശി അറസ്റ്റിൽ
പൂരം കാണാനെത്തിയവർ പൂരവിശേഷങ്ങൾ ആളുകളിൽ നിന്നും ചോദിച്ച് അറിയുന്നതിനിടെയാണ് സംഭവം
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയിൽ വ്ളോഗറായ വിദേശ വനിതയെ അപമാനിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ. ആലത്തൂര്‍ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ലോകത്തെ വിവിധ രാജ്യങ്ങൾ സന്ദര്‍ശിച്ച് വീഡിയോ ചിത്രീകരിക്കുന്ന വ്ളോഗർ ദമ്പതിമാരാണ് ഇവർ. തൃശ്ശൂർ പൂരം കാണാനെത്തിയ ഇരുവരും പൂരവിശേഷങ്ങൾ ആളുകളിൽ നിന്നും ചോദിച്ച് അറിയുന്നതിനിടെ അവിടെയുണ്ടായിരുന്ന പ്രതി യുവതിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം തനിക്കുണ്ടായ അനുഭവം യുവതി തന്നെ സമൂഹമാധ്യമത്തില്‍ വീഡിയോയായി പോസ്റ്റ് ചെയ്തിരുന്നു ഒപ്പം തന്നെ ഇമെയില്‍ വഴി തൃശൂര്‍ സിറ്റി പോലീസിന് ഇവർ പരാതിയും നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആലത്തൂര്‍ കുനിശ്ശേരിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.