ADJP Ajith kumar issue: എ.ഡി.ജി.പി മുതിർന്ന ആർ.എസ്.എസ് നേതാവിനെ കണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച്
ADGP MR Ajith Kumar met senior RSS leader Ram Madhav: നിരവധി രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ പ്രശസ്തനായ രാം മാധവുമായി എ.ഡി.ജി.പി സ്ഥാനത്തുള്ള എം.ആർ. അജിത് കുമാർ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്ന വിവരം.
തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കണ്ടെന്ന വിവാദം ചൂടുപിടിച്ചു നിൽക്കുകയാണ് ഇപ്പോൾ. അതിനിടെ മുതിർന്ന ആർ.എസ്.എസ് നേതാവ് രാംമാധവിനേയും അജിത് കുമാർ കണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തു വരുന്നു. കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട് അനുസരിച്ചുള്ള വിവരം. ബി.ജെ.പി. മുൻ ജനറൽ സെക്രട്ടറി കൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാർ സജീവമായിരുന്നു എന്നതാണ് റിപ്പോർട്ടിലുള്ള മറ്റൊരു പ്രധാന വസ്തുത.
2014 മുതൽ 2020 വരെ ബി.ജെ.പി. സംഘടനാ കാര്യങ്ങളിൽ പ്രധാന പങ്കുവഹിച്ച രാം മാധവ്, ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനു ശേഷം പി.ഡി.പി.യുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയതിൽ നിർണായക പങ്കു വഹിക്കുന്നു എന്നാണ് വിവരം. 2020-ലാണ് ഇദ്ദേഹത്തിന് ബി.ജെ.പി. ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നത്.
ജമ്മു-കശ്മീർ തിരഞ്ഞെടുപ്പിന്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കും കഴിഞ്ഞ ദിവസം ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയതും വാർത്തയായിരുന്നു. നിരവധി രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ പ്രശസ്തനായ രാം മാധവുമായി എ.ഡി.ജി.പി സ്ഥാനത്തുള്ള എം.ആർ. അജിത് കുമാർ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്ന വിവരം.
ഇതിനിടെ ബി ജെ പിയെ തൃശൂരിൽ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരത്തിനിടെ പ്രശ്നങ്ങൾ ഉണ്ടായത് എന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. എ ഡി ജി പി മുഴുവൻ സമയവും അവിടെയുള്ളപ്പോൾ എങ്ങനെയാണ് ഒരു കമ്മീഷണർക്ക് പൂരം അലങ്കോലപ്പെടുത്താൻ സാധിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.