Pathanamthitta Accident: ശബരിമല തീർത്ഥടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം
Muvattupuzha- Punalur Highway Accident: സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ് മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലെ കൂടൽ മുറിഞ്ഞ കല്ല്. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ല.
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ ബസുമായി കാർ കൂട്ടിയിടിച്ച് നാല് മരണം. മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിൽ കൂടൽ മുറിഞ്ഞകല്ലിൽലാണ് അപകടം നടന്നത്. അപകടത്തിൽ കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പൻ, അനു, അഖിൽ, അഖിലിന്റെ അച്ഛൻ ബിജു എന്നിവരാണ് മരിച്ചത്. മരിച്ച അനുവും അഖിലും നവദമ്പതികളാണ്. പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടം.
കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂട്ടിയിടിയുടെ വലിയ ശബ്ദം കേട്ടാണ് പ്രദേശത്തേക്ക് ഓടിയെത്തിയതെന്നും, ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മലേഷ്യയിൽ നിന്ന് എത്തിയ നവദമ്പതികളെയും കൂട്ടി തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് കാർ നിയന്ത്രണം വിട്ട്, ആന്ധ്രപ്രദേശിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിലാണ് നാല് പേർക്കും ജീവൻ നഷ്ടമായത്.
മരിച്ചവരുടെ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനുവിന്റെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലും, മറ്റ് മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഡ്രെെവർ ഉറങ്ങിപ്പോയതും, ഓവർ സ്പീഡുമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ് മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലെ കൂടൽ മുറിഞ്ഞ കല്ല്. മുവാറ്റുപുഴ- പുനലൂർ ദേശീയപാത റോഡിന്റെ നിർമ്മാണ സമയത്തും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ല.