Ganesh Kumar Vs. Suresh Gopi: ‘കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍, പിന്നാലെ വൈറലായി പഴയ വീഡിയോ
K.B. Ganesh Kumar Mocking Suresh Gopi: സുരേഷ് ഗോപിയുടെ കാറിലും കുറെക്കാലം ഉണ്ടായിരുന്നുവെന്നും അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

പാലക്കാട്: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ‘കമ്മീഷണർ’ എന്ന സിനിമ ഇറങ്ങിയ കാലത്ത് കാറിന്റെ പുറകിൽ കുറെക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നുവെന്നാണ് ഗണേഷ് പറയുന്നത്. ഇക്കാര്യം തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയുമെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു. മാധ്യമങ്ങളോട് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട മുൻ അനുഭവം വെളിപ്പെടുത്തുകയായിരുന്നു ഗണേഷ് കുമാർ.
‘കമ്മിഷണര്‍ എന്ന ചിത്രത്തിൽ ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചതിനു ശേഷമാണ് പോലീസ് തൊപ്പി കാറിന്റെ പിന്നിൽ വച്ചത്. സാധാരണയായി ഉന്നത പൊലീസുകാർ ഇത്തരത്തിൽ വെക്കാറുണ്ടെന്നും അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിലും കുറെക്കാലം ഉണ്ടായിരുന്നുവെന്നും അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Also Read:മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ
എന്നാൽ ഗണേഷ് കുമാറിന്റെ രൂക്ഷ വിമർശനത്തിനു പിന്നാലെ വൈറലായി സുരേഷ് ഗോപിയുടെ പഴയ വീഡിയോ. കമ്മീഷണര്‍ സിനിമയിലെ തൊപ്പി ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായി തളര്‍ന്ന് പോയ ഷെഫീഖ് എന്ന കുട്ടിക്ക് താൻ സമ്മാനിച്ചെന്ന് സുരേഷ് ഗോപി പറയുന്ന വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്‍റെ പിറന്നാളിന് സുരേഷ് ഗോപി കാണുവാനെത്തിയത്, ഇവിടെയെത്തിയ സുരേഷ് ഗോപി ഷെഫീഖിനായി കേക്ക് മുറിച്ചും കമ്മീഷണര്‍ സിനിമയിലെ ഡയലോഗും പറഞ്ഞാണ് മടങ്ങിയത്. പിറന്നാളിന് സുരേഷ് ഗോപിയെ കാണണമെന്ന് ഷെഫീഖ് പറഞ്ഞിരുന്നു. ഇതോടെയാണ് സുരേഷ് ഗോപി തൊടുപുഴയിലെ വീട്ടിൽ എത്തിയത്.