5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

A.V Mukesh cameraman death : ജോലിയ്ക്കിടെ മരിച്ച സാധാരണ ക്യാമറാമാനല്ല അയാൾ… ഇനിയൊരു അതീജീവന കഥപറയാൻ എ.വി മുകേഷില്ല

വാർത്തകൾ ചെയ്തു മറക്കുന്ന മാധ്യമപ്രവർത്തക സമൂഹത്തിൽ അയാളൊരു ഒറ്റയാനായിരുന്നു. അതിജീവനത്തിൽ വന്ന ആർട്ടിക്കിളുകൾ എല്ലാം ഇതുവരെ ആരും കാണാത്ത വേദനകളുടെ കഥ. അത് കണ്ട് അവരിലേക്ക് പിന്നീട് സഹായമെത്തുകയും ജീവിതം മെച്ചപ്പെടുകയും ചെയ്യുമ്പോൾ ഒരു നന്ദിപോലും പ്രതീക്ഷിക്കാതെ അയാൾ അടുത്ത കഥ തേടി ഇറങ്ങും.

A.V Mukesh cameraman death : ജോലിയ്ക്കിടെ മരിച്ച സാധാരണ ക്യാമറാമാനല്ല അയാൾ… ഇനിയൊരു അതീജീവന കഥപറയാൻ എ.വി മുകേഷില്ല
aswathy-balachandran
Aswathy Balachandran | Updated On: 08 May 2024 17:47 PM

മരണശേഷം പുലിസ്റ്റർ സമ്മാനം നേടിയ റോയിട്ടേഴ്സിലെ പത്രപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയെ ഓർമ്മിക്കുമ്പോൾ ഇനി എ.വി മുകേഷിനെ കൂടി അയാളെ അടുത്തറിയുന്നവർ ചേർത്തു വായിക്കും. കാട്ടാനക്കൂട്ടങ്ങളെ ക്യാമറയിൽ പകർത്തുന്നതിനിടെ മരിച്ച മാതൃഭൂമി ചാനലിലെ ക്യാമറാമാൻ എ വി മുകേഷ്, മാധ്യമ രം​ഗത്തിന് ഒരു നോവായി മാറുകയാണ്.

പകർത്തിയ ചിത്രങ്ങളിലൂടെയല്ല ചെയ്തുവച്ച അതിജീവനം എന്ന കോളത്തിലൂടെയാണ് മുകേഷ് വ്യത്യസ്തനാകുന്നത്. വാർത്തകൾ ചെയ്തു മറക്കുന്ന മാധ്യമപ്രവർത്തക സമൂഹത്തിൽ അയാളൊരു ഒറ്റയാനായിരുന്നു. അതിജീവനത്തിൽ വന്ന ആർട്ടിക്കിളുകൾ എല്ലാം ഇതുവരെ ആരും കാണാത്ത വേദനകളുടെ കഥ. അത് കണ്ട് അവരിലേക്ക് പിന്നീട് സഹായമെത്തുകയും ജീവിതം മെച്ചപ്പെടുകയും ചെയ്യുമ്പോൾ ഒരു നന്ദിപോലും പ്രതീക്ഷിക്കാതെ അയാൾ അടുത്ത കഥ തേടി ഇറങ്ങും.

സ്വന്തം പോക്കറ്റിൽ നിന്നു തികഞ്ഞില്ലെങ്കിൽ സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് പിരിവിട്ടും പിരചയക്കാരേയും സംഘടനകളേയും കൂട്ടു പിടിച്ചും അയാൾ സഹായങ്ങൾ എത്തിച്ചിരുന്നു.

കണ്ട് കേട്ട് വരച്ചിട്ട കഥകൾ

കുന്നുരു ദേശത്തെ ഭൂപ്രഭുവായിരുന്ന മേലടത്തു ചക്കിക്ക് വയനാട്ടിലെ കാട്ടിൽവച്ച് ഒരു ആൺകുട്ടിയെ കളഞ്ഞുകിട്ടി. കേളൻ എന്നു പേരിട്ട്സ്വ ന്തം കുഞ്ഞിനെപ്പോലെ ചക്കി അവനെ മാറോട് ചേർത്തു….

ഒരു തെയ്യത്തിന്റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.

ആത്മം കൊടുത്ത് മുടിയഴിക്കുന്നതോടെ കാവിൽ ഇരുട്ട് പടരും. ദൈവം വേർപെട്ട് മനുഷ്യൻ മാത്രമാകും. കോലക്കാരന്റെ നെഞ്ചിലെ തീ അപ്പോഴും ആളിക്കത്തുന്നുണ്ടാകും, കൂരയിലെ വിശപ്പാണ് അതിനുള്ള കാരണം. അരിയില്ലാതെ തിളയ്ക്കുന്ന കഞ്ഞിക്കലങ്ങളിൽ വയറു നിറച്ച് അടുത്തതെയ്യത്തിനായുള്ള കാത്തിരിപ്പാണ് പിന്നീട്…..

‘നിമിഷങ്ങൾകൊണ്ട് തന്നെ കാല് വെന്തുരുകാൻ തുടങ്ങി. നഖം വിരലിൽനിന്ന് പറിഞ്ഞു പോകുന്നത് പ്രാണനെടുക്കുന്ന വേദനയോടെ തിരിറിച്ചറിഞ്ഞു. മുന്നിൽ വിഴുങ്ങാനായി നിൽക്കുന്ന കനൽക്കൂമ്പാരം അപ്പോഴും നീറി പുകയുന്നുണ്ടായിരുന്നു. സകല ദൈവങ്ങളെയും നെഞ്ചുരുകി മനസ്സിൽ ഉറക്കെ വിളിച്ചു’. ജ്വലിച്ചു നിൽക്കുന്ന കനൽ കൂനയിലേക്ക് എന്നിട്ടും 65 തവണയാണ് കുഞ്ഞാരൻ ചാടിയത്.

കുഞ്ഞാരന്റെ കഥ ഒരു വെളിച്ചമായി. അയാളുടെ ജീവിതം മെച്ചപ്പെട്ടു. ഒാരോ വ്യക്തികൾ സഹായിക്കുമ്പോഴും കുഞ്ഞാരൻ മുകേഷിനെ ഒാർത്തു. വിളികൾ ആവർത്തിച്ചപ്പോൾ ഇനി വിളിക്കേണ്ടെന്ന് പറഞ്ഞ് മുകേഷ് അടുത്ത കഥ തിരഞ്ഞിറങ്ങി.

 കാലുകൾ വേച്ചുകൊണ്ടു ആ ആട്ടിൻകുട്ടി രുഗ്മിണിയുടെ നിഴലിലേക്ക് ചേർന്നുനിന്നു. ദയനീയ ഭാവത്തോടെ അവർ പരസ്പരം നോക്കി. പൊടുന്നനെ ആടിനെ കോരിയെടുത്ത് വിണ്ടുകീറിയ നിലത്തിരുന്നു. തോർത്തിൽ പൊതിഞ്ഞുവച്ച കുപ്പിയിൽനിന്ന് ആട്ടിൻകുട്ടിയുടെ വായ തുറന്ന് വെള്ളം കൊടുത്തു. പാതിയടഞ്ഞ കണ്ണുകളിലപ്പോൾ പ്രാണൻ തിരിച്ചുവന്നു. തലയൊന്ന് കുടഞ്ഞുകൊണ്ട് രുഗ്മിണിയുടെ കൈകളിൽ നക്കിത്തുടച്ച് സ്നേഹം പ്രകടിപ്പിച്ചു. പതിയെ എണീറ്റ് ആട്ടിൻ കൂട്ടത്തിലേക്ക് തിരികെ പോയി……

വേനൽച്ചൂടിൽ വലഞ്ഞ പാലക്കാട്ടെ രു​ഗ്മിണിയുടെ ജീവിതം ഇങ്ങനെയാണ് മുകേഷ് പറഞ്ഞു തുടങ്ങിയത്.

ആട്ടിൻപാൽ വിറ്റാണ് അമ്മയുടെ ചികിത്സാചെലവും വീട്ടുകാര്യങ്ങളും നടക്കുന്നത്. അസുഖം കൂടുമ്പോൾ ആടുകളിൽ ഒന്നിനെ വിൽക്കും. മറ്റ് ജീവന സാധ്യതകൾ ഒന്നുമില്ല. വെള്ളം ശേഖരിച്ചു വയ്ക്കാൻ ആകെയുള്ളത് രണ്ടു കുടങ്ങൾ മാത്രം. മുന്നിലെ വരണ്ട ഭൂമി നോക്കുമ്പോൾ ആ മുഖമാകെ ആധി പടരുന്നത് കാണാം. നിസ്സഹായതയോടെ നരച്ച മുടിയിഴകൾ തോർത്ത് കൊണ്ടു മൂടി. വെയിലിന്റെ പൊള്ളുന്ന മറ പറ്റി അവർ തെളിനീരുതേടി എങ്ങോട്ടെന്നില്ലാതെ നടന്നു. നിരതെറ്റി ആട്ടിൻപറ്റങ്ങളും. പരന്നൊഴുകിയ കഥ ഇങ്ങനെ അവസാനിക്കുന്നിടത്ത് നിന്ന് അവർക്കുള്ള സഹായങ്ങൾ എത്തിത്തുടങ്ങും. അതൊരു വിശ്വാസമായിരുന്നു. അതിജീവനം വായിക്കുന്നവരുടെ ഉറച്ച വിശ്വാസം.

തലയിലും താടിയിലുമായി പായലിന്റെ അവശിഷ്ടങ്ങൾ പറ്റിയിട്ടുണ്ട്. അവ മാറ്റിക്കൊണ്ട് വീണ്ടും സംസാരിച്ചു തുടങ്ങി. അതിനിടെ വലിയ പ്ലാസ്റ്റിക് കവർ ഒഴുകി വന്നു. കൈകൊണ്ട് എത്തിപ്പിടിച്ച് അദ്ദേഹമത് തുറന്നു. നിറയെ വസ്ത്രങ്ങളാണ്. ചെളി പറ്റി കറുത്തിരുണ്ട മുഖത്ത് ചിരി പടർന്നു. കവറിൽനിന്ന് ഓരോ വസ്ത്രം എടുക്കുമ്പോഴും അത് ഇരട്ടിച്ചു. ചിലതെല്ലാം വെള്ളം കയറി കറുപ്പ് പടർന്നിട്ടുണ്ട്.

യമുനയിലെ കറുത്തിരുണ്ട വെള്ളത്തിൽ നിന്ന് അന്നം കണ്ടെത്തുന്നവരുടെ ജീവിതം അയാൾ കണ്ടത് വാർത്തയുടെ ഭാ​ഗമായി ആയിരുന്നില്ല. കഥയ്ക്കപ്പുറം ജീവിതമുണ്ടെന്ന ബോധ്യം വായനക്കാരിൽ ഉണർത്താനായിരുന്നിരിക്കണം.

ഓരോ കഥകളും തേടി ഇറങ്ങി ആളെ കണ്ട് അവരുടെ ജീവിതം കണ്ട് കണ്ട കഥ എഴുതി വയ്ക്കും. അതിൽ അലങ്കാരമോ കഠിന പ്രയോ​ഗമോ കാണില്ല. വളരെ ലളിതം എന്നാൽ ഉള്ളലിയുന്ന വാക്കുകൾ. അതിൽ ജീവിതമുണ്ടാവും ആ എഴുത്തിന് ഒരു ആത്മാവും. പൂർത്തിയാക്കാത്ത പല കഥകളും പലരിലേക്ക് എത്തേണ്ട സഹായങ്ങളും ബാക്കിയാക്കിയാണ് മുകേഷ് മറഞ്ഞത്. അയാളുടെ നമ്പർ സേവ് ചെയ്ത് വച്ച് സഹായത്തിനായി ആദ്യം വിളിക്കുവാനായി ഒാർത്തു വയ്ക്കുന്നവർക്ക് ഇനി മറുപടി ആര് നൽകും എന്ന ചോദ്യമാണ് മുകേഷിന്റെ മരണത്തോടെ ബാക്കിയാവുന്നത്.

(കടപ്പാട് : അതിജീവനം സ്റ്റോറീസ് )