പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു
തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങിയകതിനെത്തുടർന്നാണ് മരണം. കൊച്ചിയിലാണ് സംഭവം. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.
സംഭവസ്ഥലത്തിനടുത്ത് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ വടത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി എം.ജി റോഡ് ബ്ലോക്ക് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് റോഡില്‍ വടം കെട്ടിയിരുന്നത്. ഞായറാഴ്ച രാത്രിയാണ് തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ മോദി തിങ്കളാഴ്ച രാവിലെ തൃശ്ശൂര്‍ കുന്ദംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ആദ്യമെത്തുക. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി തിങ്കളാഴ്ച രാവിലെ ഹെലിക്കോപ്ടറിൽ തൃശ്ശൂരിലെത്തും.
രാവിലെ 11-നാണ് കുന്ദംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയില്‍ പ്രചാരണം നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മോദിയുടെ രണ്ടാം കേരള സന്ദര്‍ശനമാണിത്. മാര്‍ച്ച് 19-ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനെത്തിയിരുന്നു.