Leopard Rescue Mission: ഏഴ് മണിക്കൂർ നീണ്ട പരിശ്രമം; നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു
Nelliampathy Leopard Rescue:ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൾ വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോർ പ്രവർത്തിപ്പിച്ചെങ്കിലും വെള്ളം വരാത്തതിനെ തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Leopard Rescue
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. മയക്കുവെടിവയ്ക്കാതെയാണ് പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യം പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാകും കാടിനുള്ളിലേക്ക് വിടുന്നതെന്ന് വനം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൾ വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോർ പ്രവർത്തിപ്പിച്ചെങ്കിലും വെള്ളം വരാത്തതിനെ തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനം വകുപ്പ് ഉദ്യേഗസ്ഥരെത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൽ, പുലിക്ക് പിടിച്ചുനിൽക്കുന്നതിനായി ഏണി വെച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും താഴ്ച കൂടിയതിനാൽ അത് പരാജയപ്പെടുകയായിരുന്നു. പീന്നീട് വനപാലകരുടെ നേതൃത്വത്തിൽ ടയറിൽ കയർ കെട്ടി താഴ്ത്തുകയായിരുന്നു. തുടർന്ന് ഇതിൽ പിടിച്ചുനിന്നു. ഒടുവിൽ കിണറ്റിലേക്കിറക്കുന്നതിനായി കൂട് എത്തിക്കുകയായിരുന്നു. മയക്കുവെടി വെയ്ക്കാനാവാത്തതിനാലാണ് കൂട് ഉപയോഗിച്ച് പുറത്തെത്തിച്ചത്. ഇത് പരാജയപ്പെട്ടാൽ മയക്കുവെടിവെക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.
എന്നാൽ ഒടുവിൽ രാത്രി 12: 20- ഓടെ പുലിയെ പുറത്തെത്തിച്ചു. തുടർന്ന് കൈകാട്ടിയിലെ സെക്ഷൻ ഓഫീസിലേക്ക് മാറ്റി. ഡോ. ഡേവിഡ് എബ്രഹാം ഇവിടെയെത്തി പുലിയെ പരിശോധിച്ചു. ആരോഗ്യപ്രശ്നമില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു.
പുറത്തെത്തിച്ച പുലിയെ നെല്ലിയാമ്പതി വനമേഖലയ്ക്ക് പുറത്തു കൊണ്ടുവിടണമെന്ന് ആവശ്യവുമായി പ്രദേശവാസികൾ സ്ഥലത്ത് പ്രതിഷേധിച്ചു. നെല്ലിയാമ്പതി വനമേഖലയ്ക്കു താഴെനിന്ന് പിടികൂടുന്ന വന്യജീവികളെ ഇവിടെ കൊണ്ടുവിടുകയാണെന്നും ഇവ പിന്നീട് ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്നും പ്രദേശവാസികൾ ആരോപിച്ചു.