Rain Alert: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത
Rain Alert Today in Kerala: ഡിസംബർ പതിനൊന്ന് ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക - തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു,
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി (Low Pressure Area) ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തുടർന്ന് ഡിസംബർ പതിനൊന്നോടെ (11/12/2024) തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 11 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
അതേസമയം ഡിസംബർ 11 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read-Newlywed Woman Death: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; യുവാവ് കസ്റ്റഡിയിൽ
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പിലുണ്ട്. ഇന്ന് മുതൽ തിങ്കളാഴ്ച വരെ വടക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം വിതയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പിന്തുടരേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകാത്തതിനാൽ ആളുകൾ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്.