Kollam Family Death: കൊല്ലത്ത് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി
Family Death Occurred in Mayyanad, Kollam: ബലമായി കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊല്ലം: മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുലു (36) ആദി (2) എന്നിവരാണ് മരിച്ചത്. മകൻ ആദിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു ഇതിനു പിന്നാലെയാണ് മാതാപിതാക്കൾ ജീവനൊടുക്കിയത്. കുട്ടിയെ കട്ടിലിലും അജീഷിനെയും സുലുവിനെയും തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വാടകവീട്ടിൽ ഇവർക്കൊപ്പം അജീഷിന്റെ മാതാപിതാക്കളായ അമ്മ ലൈലാകുമാരിയും അച്ഛൻ അനിൽകുമാറും താമസിക്കുന്നുണ്ട്. രാവിലെ എഴുന്നേൽക്കുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവർ ബലമായി കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന അജീഷ് ഒരു വർഷം മുൻപാണ് നാട്ടിലേക്കെത്തിയത്. ഇപ്പോൾ കൊല്ലത്ത് ഒരു വക്കീൽ ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയിൽ അജീഷിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ദമ്പതികൾ മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനു പുറമെ കടുത്ത സാമ്പത്തിക ബാധ്യത ഇവർക്കുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. കുട്ടിക്കും ജനന സമയം മുതൽ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് ധാരാളം പണം ചെലവായിരുന്നു. ഇതിനു പുറമെ വീട് വച്ചതിനെ തുടർന്ന് സാമ്പത്തികബാധ്യതകളുണ്ടാകുകയും പുതിയ വീട് വിൽക്കേണ്ടതായി വരികയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)