Death: തെങ്ങ് കടപുഴകി വീണു, പെരുമ്പാവൂരിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം
5 Year Old Boy Death In Perumbavoor: പെരുമ്പാവൂർ മരോട്ടിച്ചുവട് സ്വദേശിയുടേതാണ് അൽ അമീനും കുടുംബവും വാടയ്ക്ക് താമസിച്ചിരുന്ന വീട്.
കൊച്ചി: പെരുമ്പാവൂരിൽ തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. വാടകയ്ക്ക് ആയിരുന്നു കുട്ടിയും കുടുംബവും പ്രദേശത്ത് താമസിച്ചിരുന്നത്.
വർഷങ്ങൾക്ക് മുമ്പേ ജോലി തേടി കേരളത്തിൽ എത്തിയതാണ് അൽ അമീന്റെ മാതാപിതാക്കൾ. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപത്ത് കേടായ തെങ്ങ് നിൽക്കുന്നുണ്ടായിരുന്നു. ഈ തെങ്ങ് കടപുഴകി വീണാണ് അൽ അമീന് അപകടമുണ്ടായത്. തെങ്ങിന് സമീപത്ത് അൽ അമീന്റെ അമ്മ ചപ്പുചവറുകൾ തീയിട്ടിട്ടുണ്ടായിരുന്നു. ഇതിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
തെങ്ങിന്റെ അടിഭാഗം കേടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടാതെയാണ് കുട്ടിയുടെ അമ്മ തീയിട്ടത്. ചുടേറ്റാണ് തെങ്ങ് മറിഞ്ഞതെന്നാണ് വിവരം. ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുനൽകും. പെരുമ്പാവൂർ മരോട്ടിച്ചുവട് സ്വദേശിയുടേതാണ് അൽ അമീനും കുടുംബവും വാടയ്ക്ക് താമസിച്ചിരുന്ന വീട്.