Boy Assault Case Adoor: അടൂരിൽ 8 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം; യുവാവിന് 6 വര്‍ഷം കഠിന തടവ്
8 Year Old Boy Assault Case in Adoor: 2021 ഒക്ടോബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്കറ്റ് വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

അടൂർ: എട്ട് വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് ആറ് വർഷം കഠിന തടവും, പിഴയും വിധിച്ച് കോടതി. അടൂർ അതിവേഗ കോടതി ജഡ്ജി ടി മഞ്ജിത്ത് ആണ് കേസിൽ വിധി പറഞ്ഞത്. ഏനാത്ത് ഇളംമംഗളം ലക്ഷം വീട്ടിൽ ജെ ഹരികുമാറിനെ ആണ് ജഡ്ജി ശിക്ഷിച്ചത്. ആറ് വർഷം കഠിന തടവിനൊപ്പം പ്രതി 11,000 രൂപ പിഴ തുക അടയ്ക്കുകയും വേണം. പിഴത്തുക കുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിദേശം നൽകി.
2021 ഒക്ടോബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്കറ്റ് വാങ്ങി തരാമെന്ന് പറഞ്ഞാണ് കൂട്ടി കൊണ്ട് പോയത്. 76 ശതമാനം വൈകല്യമുള്ള എട്ട് വയസുകാരനായ കുട്ടിയെ കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. തുടർന്ന് ലൈംഗിതക്രമത്തിന് ശേഷം പ്രതി കുട്ടിയെ വീട്ടിൽ കൊണ്ട് പോയി വിട്ടു.
ALSO READ: കുടുംബ തർക്കത്തിനിടെ കത്തിക്കുത്ത്; ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്
കുട്ടിയിൽ ചില അസ്വസ്ഥതകൾ കണ്ട അമ്മയാണ് എല്ലാ കാര്യങ്ങളും കുട്ടിയിൽ നിന്ന് ചോദിച്ച് മനസിലാക്കിയത്. ഉടൻ തന്നെ അവർ കുട്ടിയുടെ ടീച്ചറെയും, ചികിത്സിക്കുന്ന ഡോക്ടറെയും വിവരം അറിയിച്ചു. തുടർന്ന് അവരുടെ നിർദേശപ്രകാരം കുട്ടിയെ ചൈൽഡ് ലൈനിൽ എത്തിച്ച് കൗൺസലിംഗ് നൽകി. ഇതിൽ കുട്ടി ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തി. ഇതോടെ പോലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രോസിക്യൂഷനും അതുപോലെ തന്നെ പോലീസും ഏറെ വെല്ലുവിളികൾ നേരിട്ട ഒരു കേസാണിത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ആകെ 12 സാക്ഷികളെ വിസ്തരിക്കുകയൂം, 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. കൂടാതെ പ്രതിഭാഗത്ത് നിന്നും നാല് സാക്ഷികളെ കൂടി വിസ്തരിച്ചു കോടതി, പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിത പി ജോൺ ആണ്.