Food poison: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; 27 പേർ ആശുപത്രിയിൽ
കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ഭക്ഷ്യവിഷബാധയേറ്റ ആളുകൾ ചികിത്സ തേടിയിരിക്കുന്നത്.
തൃശൂർ: കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച ആളുകൾക്ക് ഭക്ഷ്യവിഷ ബാധ ഏറ്റതായി റിപ്പോർട്ട്. വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേർ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാത്രി ‘സെയ്ൻ’ എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഹോട്ടലിൽ നിന്ന് നേരിട്ട് കഴിച്ചവർക്കും പാഴ്സൽ വാങ്ങിക്കൊണ്ടുപോയി കഴിച്ചവർക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ഭക്ഷ്യവിഷബാധയേറ്റ ആളുകൾ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആൻറ് സേഫ്റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന ആരംഭിച്ചു.
ഹോട്ടലിനെതിരെ പഞ്ചായത്ത് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് നിയമപരമായ നടപടികളെ കുറിച്ച് നിലവിൽ സൂചനയില്ല.
കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി ഷവർമ്മ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു.
108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകിയിട്ടുണ്ട്. കൂടാതെ പാർസലിൽ കൃത്യമായി ലേബൽ പതിക്കാതെ ഷവർമ്മ വിതരണം ചെയ്ത 40 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകൾ തുടരുമെന്ന് മന്ത്രി പറഞ്ഞു.
ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം എന്നത് നേരത്തെ വ്യക്തമാക്കിയതാണ്.