5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

തത്സമയനിരീക്ഷണത്തിന് ക്യാമറകണ്ണുകൾ തുറന്നിരിക്കും ; ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ സംസ്ഥാനത്ത് രണ്ടായിരത്തിലേറെ ക്യാമറകൾ

സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവ്വെയിലൻസ് ടീം എന്നിവയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവർത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്

തത്സമയനിരീക്ഷണത്തിന് ക്യാമറകണ്ണുകൾ തുറന്നിരിക്കും ; ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ സംസ്ഥാനത്ത് രണ്ടായിരത്തിലേറെ ക്യാമറകൾ
aswathy-balachandran
Aswathy Balachandran | Updated On: 11 Apr 2024 12:37 PM

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂട് പ്രചരണ രം​ഗത്തു മുറുകുമ്പോൾ തിരഞ്ഞെടുപ്പിലെ അപാകങ്ങൾ കണ്ടെത്താനുള്ള വഴികൾ തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തി വരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

എല്ലായിടത്തും ക്യാമണക്കണ്ണുകൾ സദാ ജാ​ഗരൂകരാണ്.  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ചെപ്പടിവിദ്യകളും അക്രമങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരും പിടിയിലാകും.

സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവ്വെയിലൻസ് ടീം എന്നിവയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവർത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ അതത് അധികാര പരിധിയിലുള്ള ടീമുകൾ പരിശോധന നടത്തി നടപടികളെടുക്കും. ഓരോ എഫ്എസ്‌ടിയിലും ഒരു നോമിനേറ്റഡ് ഓഫീസറും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ആയുധധാരികളും ഒരു വീഡിയോഗ്രാഫറും ഉൾപ്പെടുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരം സംവിധാനം ഉണ്ട്.

എല്ലാ എഫ്.എസ്.ടി വാഹനങ്ങളിലും ജി.പി.എസ്. ഗാഡ്‌ജെറ്റും വാഹനങ്ങൾക്ക് മുകളിൽ 360-ഡിഗ്രി റിവോൾവിംഗ് ക്യാമറയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ കൃത്യമായ സ്ഥാനം തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ നിന്ന് ജിപിഎസ് ഗാഡ്‌ജെറ്റ് വഴി നിരീക്ഷിക്കാനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആർ.ഒ. മാരുടെ കീഴിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളിൽ 391 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന കാലയളവിൽ എല്ലാ വരണാധികാരികളുടെയും ഓഫീസുകളുമായി ബന്ധപ്പെടുത്തി 187 ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നു. അവശ്യ സർവ്വീസ് വിഭാഗത്തിലുള്ളവർക്കും ഉദ്യോഗസ്ഥർക്കുമായി പോസ്റ്റൽ വോട്ടിംഗ് സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങളിൽ തത്സമയ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിംഗ് ദിവസം ബൂത്തുകളിലും ക്യാമറകൾ സ്ഥാപിച്ച് തത്സമയ നിരീക്ഷണം നടത്തും. സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഇതേ രീതിയിൽ നിരീക്ഷണ സംവിധാനം ഒരുക്കും. സുതാര്യവും സുരക്ഷിതവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് തത്സമയ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഇതിനു പുറമേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രചരിപ്പിക്കുന്ന പരസ്യങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന് ഉപയോഗിക്കുന്ന ദൃശ്യ-ശ്രാവ്യ പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ അം​ഗീകാരം നേടിയിരിക്കണം എന്നും ചട്ടം അനുശാസിക്കുന്നു. ഇത്തരത്തിൽ അം​ഗീകാരം ലഭിക്കാത്ത പക്ഷം പ്രചരണത്തിന് ഈ പരസ്യങ്ങൾ ഉപയോ​ഗിക്കാൻ പാടില്ല. അധവാ ചട്ടം ലംഘിച്ച് അങ്ങനെ ചെയ്താണ് പിടി വീഴുകയും തുടർ നടപടികൾ ഉണ്ടാവുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പോളിങ് ദിവസവും തൊട്ടുമുന്‍പുള്ള ദിവസവും അച്ചടി മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കുന്ന പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.