വി.ഡി സതീശനെതിരേയുള്ള 150 കോടിയുടെ കോഴ ആരോപണം: വിജിലന്‍സ് അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി
കെ റെയിൽ നടപ്പായാൽ കേരളത്തിലെ ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്ന വലിയ കുതിച്ചുചാട്ടം തടയുകയായിരുന്നു കോഴ നൽകിയവരുടെ ലക്ഷ്യം എന്നാണ് ആരോപണം.
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങി എന്ന സ്വീകരിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പരാതി അന്വേഷിക്കണമെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പി.വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ ഹാഫിസ് ആയിരുന്നു ഹര്‍ജി നല്‍കിയത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അന്‍വറിന്റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ ടി മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എം.എല്‍ എയുടെ ആരോപണം.
നിയമസഭയിലാണ് വി.ഡി. സതീശനെതിരേ പി.വി. അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചത്. കെ റെയിൽ നടപ്പായാൽ കേരളത്തിലെ ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്ന വലിയ കുതിച്ചുചാട്ടം തടയുകയായിരുന്നു കോഴ നൽകിയവരുടെ ലക്ഷ്യം എന്നാണ് ആരോപണം. അതിനായി കേരളത്തിലെ കോൺഗ്രസിനെ കൂടെ നിർത്താനാണ് സതീശനു പണം നൽകിയതെന്നും, ഇതിന്‍റെ ഭാഗമായിരുന്നു കെ റെയിൽ പദ്ധതിക്കെതിരേ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളെന്നും അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചു. കോൺഗ്രസിന്‍റെ ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായാണ് കമ്പനികൾ ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയതെന്നും തുറന്നടിച്ചു. ഗൂഢാലോചന നടപ്പാക്കാൻ വി.ഡി. സതീശനെ ചുമതലപ്പെടുത്തുകയായിരുന്നു എന്നും ആരോപണമുണ്ട്. ദൗത്യം വിജയിച്ചാൽ സതീശനെ കേരള മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യക്കണ്ടെയ്നറുകളിലാണ് ഇലക്ഷൻ ഫണ്ട് എന്ന ലേബലിൽ മൂന്നു ഘട്ടമായി സതീശനു പണം എത്തിച്ചുകൊടുത്തതെന്നും 50 കോടി രൂപവീതമാണ് ഓരോ ഘട്ടത്തിലും എത്തിച്ചതെന്നും അൻവർ പറഞ്ഞിരുന്നു. പണം തുടർന്ന് ആംബുലൻസിലാണ് താഴേത്തട്ടിലേക്ക് വീതിച്ചുകൊടുത്തതെന്നും അൻവർ എംഎൽഎ നിയമസഭയിൽ ആരോപിച്ചിരുന്നു. ഇലക്ഷൻ ഫണ്ടിന്‍റെ പേരിലാണ് വന്നതെങ്കിലും ഈ തുക തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സ്ഥാനാർഥികൾക്കോ നേതാക്കൾക്കോ നൽകിയിട്ടില്ല. പകരം, കർണാടകയിൽ നിക്ഷേപം നടത്തിയിരിക്കുകയാണ്. ഇതാണ് സതീശൻ മാസത്തിൽ മൂന്നു വട്ടമെങ്കിലും ബംഗളൂരുവിൽ പോകാൻ കാരണമെന്നും അൻവർ ആരോപിച്ചിരുന്നു.