Kannur Child Death: പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന ഭയം; 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പിതൃസഹോദരന്റെ മകൾ
പെൺകുട്ടിക്ക് മാതാപിതാക്കളില്ലാത്തതിനാൽ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് പന്ത്രണ്ടുകാരി താമസിച്ചിരുന്നത്. എന്നാൽ പുതിയ കുട്ടി വന്നതോടെ പെൺകുട്ടിയോടുള്ള സ്നേഹം കുറഞ്ഞുപോയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

girl (Representational Image)
കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ട് വയസ്സുകാരിയെന്ന് പോലീസ്. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ മകളായ 12 വയസുകാരിയാണ് കുട്ടി കൊലപ്പെടുത്തിയത്. കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്.
പെൺകുട്ടിക്ക് മാതാപിതാക്കളില്ലാത്തതിനാൽ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് പന്ത്രണ്ടുകാരി താമസിച്ചിരുന്നത്. എന്നാൽ പുതിയ കുട്ടി വന്നതോടെ പെൺകുട്ടിയോടുള്ള സ്നേഹം കുറഞ്ഞുപോയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് പന്ത്രണ്ടുകാരി ഭയന്നിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാടക കോട്ടേഴ്സിൽ മുത്തുവിനും ഭാര്യയ്ക്കുമൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാണാതാവുകയായിരുന്നു. ഇതിനു പിന്നാലെ അയൽവാസികളായ ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് അന്വേഷണം നടത്തി. പൊന്ത കാടുകളിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ ഒരാൾ കിണറ്റിലേക്ക് നോക്കിയപ്പോഴാണ് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം അസ്വാഭാവിക മരണത്തിൽ കേസെടുത്ത പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രാത്രി 11 മണിക്ക് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടിരുന്നതായി 12 വയസുകാരി മൊഴി നല്‍കിയത്. വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചു വന്നശേഷം കുട്ടിയെ കണ്ടില്ലെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. എന്നാൽ ഈ മൊഴി പോലീസിൽ സംശയമുണ്ടാക്കിയിരുന്നു. തുടർന്നാണ് പെൺകുട്ടി തന്നെ കുറ്റം സമ്മതിച്ചത്.