Alappuzha Dog attack: പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു
11 Year Old Boy Dies After Dog Attack in Charummoodu: രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകും വഴി ആണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നില്ല.

ആലപ്പുഴ: പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണയാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ ആണ് മരണം സംഭവിച്ചത്. ഫെബ്രുവരി ആറാം തീയതി ആണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകും വഴി ആണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നില്ല. കാര്യമായ പരിക്ക് ഇല്ലാതിരുന്നത് കൊണ്ട് തന്നെ തെരുവ് നായ ആക്രമിച്ച കാര്യം വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് നൂറനാട്ടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആരോഗ്യം മോശമായതോടെ പേ വിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഇതോടെയാണ് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ALSO READ: അരുവിയിൽ കുളിക്കാൻ പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം ഇടുക്കി പെരുവന്താനത്ത്
വീടിന് സമീപത്തു വച്ച് ശ്രാവണെ തെരുവ് നായ ആക്രമിച്ച വിവരം കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ച സമയത്ത് കുട്ടി സൈക്കിളിൽ നിന്ന് വീണിരുന്നു. വീഴ്ചയിൽ തുടയിൽ ചെറിയൊരു പോറൽ ഏറ്റിരുന്നു. എന്നാൽ, അത് നായയുടെ നഖം തട്ടി ഉണ്ടായതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രദേശവാസികളും പ്രദേശത്തെ മറ്റ് കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്തു.