‘എന്റെ സ്വകാര്യതയ്ക്ക് ഈ കോടതിയിൽ സുരക്ഷയില്ലെന്നത് ഞെട്ടിക്കുന്നു’; അതിജീവിത
സത്യസന്ധരായ ന്യായാധിപൻമാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നടി കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതിലെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. അങ്കമാലി മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാർഡ് പരിശോധിച്ചു. അതേസമയം, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തി. ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നടത്തിയത്. അസമയത്തടക്കം മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇതിൽ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി നേരത്തേ അതിജീവിതയ്ക്ക് കൈമാറിയിരുന്നു. ആ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങി മെമ്മറികാർഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണെന്നും നടി പറയുന്നു. സത്യസന്ധരായ ന്യായാധിപൻമാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നടി കൂട്ടിച്ചേർത്തു.
നടിയുടെ കുറിപ്പ്
ഇത് നീതി യുക്തമല്ലാത്തതും ഞെട്ടിക്കുന്നതുമാണ്
എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി,
സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങി മെമ്മറികാർഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്.
എന്റെ സ്വകാര്യതയ്ക്ക് ഈ കോടതിയിൽ സുരക്ഷയില്ലെന്നത് ഭയമുളവാക്കുന്നു. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിയ്ക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ദുരാനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.
എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപൻമാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നിതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേവ ജയതേ…