Viral News: സഹോദരിമാരെ വിവാഹം ചെയ്തയക്കണം; അര്‍ധരാത്രി മൂന്നുമണിക്കും ഓര്‍ഡറെടുത്ത് ഡെലിവറി ബോയ്
Viral News of Zomato Delivery Boy: സൊമാറ്റോ ജോലിക്കാരന്റെ ജീവിതത്തെ കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായത്. തന്റെ കുടുംബം പോറ്റുന്നതിനായി ഉറക്കം പോലും ഉപേക്ഷിച്ച് ജോലി ചെയ്യുകയാണ് ആ യുവാവ്.
ജീവിക്കാന്‍ പണം ആവശ്യമാണ്, എന്നാല്‍ എല്ലാവരും പണം സമ്പാദിക്കുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. ചിലര്‍ സ്വന്തം കാര്യങ്ങള്‍ നിറവേറ്റുന്നതിനായി മാത്രം ജോലിക്ക് പോകുമ്പോള്‍ മറ്റ് ചിലര്‍ കുടുംബത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജോലിക്ക് പോകുന്നു.
അത്തരത്തില്‍ കുടുംബത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ക്കായി ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സൊമാറ്റോ ജോലിക്കാരന്റെ ജീവിതത്തെ കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായത്. തന്റെ കുടുംബം പോറ്റുന്നതിനായി ഉറക്കം പോലും ഉപേക്ഷിച്ച് ജോലി ചെയ്യുകയാണ് ആ യുവാവ്.
കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. ഹിമാന്‍ഷു ബോറ എന്ന ഉദ്യോഗസ്ഥന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അര്‍ധരാത്രി മൂന്ന് മണി കഴിഞ്ഞു. അങ്ങനെ ആ സമയത്ത് തന്നെ അദ്ദേഹം സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അല്‍പസമയം കഴിഞ്ഞപ്പോള്‍ കോളിങ് ബെല്‍ കേട്ട് എഴുന്നേറ്റ് വാതില്‍ തുറന്ന അദ്ദേഹം കണ്ടത് ചെറുപുഞ്ചിരിയോടെ ഭക്ഷണപ്പൊതിയുമായെത്തിയ ഡെലിവറി എക്‌സിക്യൂട്ടീവിനെയാണ്. അതും മരം കോച്ചുന്ന തണുപ്പും സഹിച്ച്.
ആ സമയത്ത് ഇത്രയേറെ കഷ്ടപ്പാട് സഹിച്ച് ഭക്ഷണവുമായെത്തിയ യുവാവിനെ കണ്ടതും ഹിമാന്‍ഷുവിന് സംശയം തോന്നി. അങ്ങനെ അദ്ദേഹം യുവാവിനെ വീടിനുള്ളിലേക്ക് വിളിച്ച് കുറച്ച് വെള്ളം നല്‍കി. ശേഷം അവനെയും അവന്റെ പശ്ചാത്തലവും അന്വേഷിച്ചു. ശിവ സര്‍ക്കാര്‍ എന്നാണ് യുവാവ് പേര് പറഞ്ഞത്. പ്രായം ഏകദേശം 20 വയസ് തോന്നിക്കുമെന്ന് ഹിമാന്‍ഷുവിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ശിവ സര്‍ക്കാര്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവന്റെ പിതാവ് മരണപ്പെട്ടു. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം അവനിലേക്ക് വന്നുചേര്‍ന്നു. വിവാഹപ്രായമെത്തിയ സഹോദരിമാരുടെ കല്യാണച്ചെലവുകളും വീട്ടുച്ചെലവും തുടങ്ങി എല്ലാം അവന്റെ ചുമലിലായി. ഇതോടെ രാപ്പകലില്ലാതെ കഷ്ടപ്പെടുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാതെ വരികയായിരുന്നു ശിവ സര്‍ക്കാരിന്.
ഈ സാഹചര്യമാണ് അര്‍ധരാത്രി മൂന്ന് മണിക്കും ഓര്‍ഡര്‍ സ്വീകരിക്കാന്‍ ശിവ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ഹിമാന്‍ഷു പറയുന്നു. മാത്രമല്ല, യുവാവ് തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും യൗവ്വനത്തെക്കുറിച്ചുമെല്ലാമുള്ള സ്വപ്‌നങ്ങള്‍ തന്നോട് പങ്കുവെച്ചതായും ഹിമാന്‍ഷുവിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ഇത് കേട്ടതോടെ തന്റെ കണ്ണ് നിറഞ്ഞൊഴുകിയതായും അദ്ദേഹം പറയുന്നു.
അടിച്ചുപൊളിച്ച് ജീവിക്കേണ്ട പ്രായത്തില്‍ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനായി അവന്‍ പ്രയോഗിക്കുന്ന ശക്തിയില്‍ താന്‍ അതിശയിച്ചതായും തന്റെ കണ്ണുകള്‍ ഒരുവേള നിറഞ്ഞൊഴുകിയതായും ഹിമാന്‍ഷു പറഞ്ഞു. തിരക്കുപിടിച്ച ആ നഗരത്തില്‍ ഒന്ന് കണ്ണോടിച്ച് കഴിഞ്ഞാല്‍ ഇതുപോലെയുള്ള എത്രയെത്ര ഡെലിവറി ബോയ്കള്‍ ഉണ്ടാകുമെന്നും ഇരുചക്ര വാഹനങ്ങളില്‍ ഓരോ ദിവസവും എത്രയെത്ര ആളുകളെ കാണാമെന്നും ഹിമാന്‍ഷു ഓര്‍ക്കുന്നു.
തന്നെ കുറിച്ച് പറഞ്ഞ് ശിവ സര്‍ക്കാര്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നുവെങ്കിലും ഹിമാന്‍ഷുവിന്റെ മനസില്‍ നിന്ന് അവന്‍ മാഞ്ഞിരുന്നില്ല. അവന് വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കും എന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ചിന്ത. ഇങ്ങനെ കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പുകളോ അല്ലെങ്കില്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്ന വായ്പകളോ സൊമാറ്റോയ്ക്ക് നല്‍കാന്‍ സാധിക്കില്ലെ എന്ന് അദ്ദേഹം തന്നോട് തന്നെ ചോദിച്ചു.
അതിന് പിന്നാലെ അദ്ദേഹം സൊമാറ്റോ സി ഇ ഒ ദീപിന്ദര്‍ ഗോയലിനെ വിളിക്കുകയും ഉണ്ടായ കാര്യങ്ങളെല്ലാം പറയുകയും ചെയ്തു. ശേഷം ഇത്തരക്കാര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നും അദ്ദേഹം സി ഇ ഒയോട് ചോദിച്ചു. ഇതിന് പിന്നാലെ തന്റെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടിലും അദ്ദേഹം പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. ഇതിന് താഴെ സൊമാറ്റോയുടെ മറുപടിയുമെത്തി. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദിയെന്നും ഇത് വളരെ പ്രചോദനകരമാണെന്നും അവര്‍ കുറിച്ചു.