YouTuber Nalini Unagar: മൂന്നുവർഷം മുൻപ് 8 ലക്ഷം രൂപ മുടക്കി യൂട്യൂബ് ചാനല്‍ തുടങ്ങി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
Nalini Unagar's exit from YouTube: നളിനീസ് കിച്ചൺ റെസിപ്പി എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായിരുന്നു നളിനി ഉനാഗർ. മൂന്ന് വര്‍ഷം മുൻപാണ് അവര്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. പ്രധാനമായും കിച്ചൺ റെസിപ്പിയെ കുറിച്ചാണ് വീഡിയോ ഇടാറുള്ളത്.
മുംബൈ: യൂട്യൂബ് ചാനലുകള്‍ വഴി വരുമാനം കണ്ടെത്തുന്ന നിരവധി പേരാണ് നമ്മുക്ക് ചുറ്റുമുള്ളത്. കോവിഡ് കാലഘട്ടത്തിലാണ് മിക്കവരും ഇതിലേക്ക് തിരിഞ്ഞത്. ഡെയ്‌ലി വ്‌ളോഗ്, പാചകം, ലൈഫ്‌സ്റ്റൈൽ, ട്രാവൽ തുടങ്ങി വിവിധ തരം ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് മിക്കവരും ആരംഭിച്ചത്. ഇതിലൂടെ മികച്ച വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ ചിലർക്ക് വേണ്ടവിധത്തിൽ ക്ലിക്ക് ആകണമെന്നില്ല. ഇതോടെ ചാനൽ പൂട്ടി പോകുന്നവരുമുണ്ട്. അത്തരത്തിൽ നിർത്തിപോയ ഒരു കുക്കിങ്ങ് യൂട്യൂബ് ചാനലിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂട്യൂബർ നളിനി ഉനാഗറാണ് കുക്കിങ് ചാനൽ ഉപേക്ഷിക്കുന്നുവെന്ന വാർത്ത പങ്കുവെച്ചത്.
നളിനീസ് കിച്ചൺ റെസിപ്പി എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായിരുന്നു നളിനി ഉനാഗർ. മൂന്ന് വര്‍ഷം മുൻപാണ് അവര്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. പ്രധാനമായും കിച്ചൺ റെസിപ്പിയെ കുറിച്ചാണ് വീഡിയോ ഇടാറുള്ളത്. ഇതിനായി അടുക്കള സംവിധാനങ്ങളും ക്യാമറയും ലൈറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് നളിനിക്ക് 8 ലക്ഷത്തോളം രൂപ ചിലവായി. എന്നാല്‍ ഒരു രൂപ പോലും വരുമാനമായി യൂട്യൂബില്‍ നിന്ന് ലഭിച്ചില്ലെന്നും ഇതോടെ താന്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുകയാണ് എന്നുമാണ് നളിനി പറയുന്നത്. എക്‌സിലൂടെയായിരുന്നു (പഴയ ട്വിറ്റര്‍) ഇക്കാര്യം അറിയിച്ച് രംഗത്ത് എത്തിയത്. ‘ഞാന്‍ ഏകദേശം എട്ട് ലക്ഷത്തോളം രൂപ എന്‍റെ യൂട്യൂബ് ചാനലിന്‍റെ കിച്ചണ്‍, സ്റ്റുഡിയോ സംവിധാനങ്ങള്‍, പ്രൊമോഷന്‍ എന്നിവയ്ക്കായി ചിലവഴിച്ചു, എന്നാല്‍ വരുമാനമോ? 0 രൂപ’ എന്നും ട്വീറ്റില്‍ നളിനി വിശദീകരിച്ചു. ഇതോടെ പോസ്റ്റ് വലിയ ചര്‍ച്ചയായി.
Let me confess today—I have invested approximately ₹8 lakhs in my YouTube channel for building a kitchen, buying studio equipment, and promotions. The return? ₹0.
— Nalini Unagar (@NalinisKitchen) December 18, 2024
പോസ്റ്റിൽ വീഡിയോകൾ നിർമിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും നിലവിൽ യൂട്യൂബിലുള്ള തന്റെ വീഡിയോകൾ നീക്കം ചെയ്യുകയാണെന്നും നളിനി വ്യക്തമാക്കി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിജയിക്കാൻ ഭാഗ്യം വേണമെന്നും പ്രധാന വരുമാനമായി യുട്യൂബിനെ കാണാനാവില്ലെന്നും നളിനി പറയുന്നുണ്ട്. പോസ്റ്റ് പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ നളിനിയുടെ അവസ്ഥയിൽ പരിതപിച്ചപ്പോൾ ചിലർ അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. തുടർച്ചയായി വീഡിയോകൾ പങ്കുവെയ്ക്കാനും ഏതെങ്കിലും ഒന്ന് വൈറലാവാതിരിക്കില്ലെന്നും ചിലർ കമന്റ് ചെയ്തു.