Year Ender 2024: നരേന്ദ്ര മോദിയുടെ മൂന്നാം ഊഴം! എക്സിറ്റ് പോളുകൾ തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾ; 2024-ലെ ജനവിധികൾ
Year Ender 2024 Elections: 2024 ഏപ്രിൽ - ജൂൺ മാസങ്ങളിലായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടന്നത്. 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജീവൻ ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം തിരിച്ചുപിടിച്ചു.
രാജ്യം കണ്ട ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് ക്ലെെമാക്സിനാണ് 2024 സാക്ഷ്യം വഹിച്ചതിന്. എക്സിറ്റ് പോൾ ഫലങ്ങളെ നിഷ്പ്രഭമാക്കി കൊണ്ടാണ് പൊതുതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. നരേന്ദ്ര മോദിയെ മൂന്നാം തവണയും ജനങ്ങൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറുന്ന പ്രധാനമന്ത്രിയെന്ന വിശേഷണമാണ് ഇതോടെ മോദിക്ക് സ്വന്തമായത്.
2024 ഏപ്രിൽ – ജൂൺ മാസങ്ങളിലായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടന്നത്. 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജീവൻ ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം തിരിച്ചുപിടിച്ചു. ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദമായി രാഹുൽ ഗാന്ധിമാറി. ഒഡീഷയിലെ ബിജു ജനതാദൾ സർക്കാരിൻ്റെ പതനം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡുവിൻ്റെ തിരിച്ചുവരവ്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ്, കൂടാതെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയവും 2024ൽ രാജ്യം കണ്ട മറ്റ് പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളിൽ ചിലതാണ്.
2024 ലെ പൊതുതിരഞ്ഞെടുപ്പ്
2024-ൽ 18-ാമത് പൊതുതെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 64.2 കോടി ജനങ്ങൾ സമ്മതിദാനവകാശം വിനിയോഗിച്ചതോടെ മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലേറി. 1951-52 ലെ ആദ്യ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഏറ്റവും വലിയ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. 18-ാം പൊതുതെരഞ്ഞെടുപ്പ് 44 ദിവസമാണ് നീണ്ടുനിന്നത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. ജൂൺ 4 നാണ് ഫലം പ്രഖ്യാപിച്ചത്.
400 സീറ്റുകളുമായി എൻഡിഎ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസവും 350 ന് മുകളിൽ പ്രവചിച്ച എക്‌സിറ്റ്‌പോൾ ഫലങ്ങളും തള്ളിക്കൊണ്ടായിരുന്നു മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയത്. നിതീഷും ചന്ദ്രബാബു നായിഡുവുമടക്കമുള്ള നേതാക്കളുടെ കൂട്ടുപിടിച്ചാണ് എൻഡിഎ മൂന്നാം തവണയും ഭരണം നിലനിർത്തിയത്.
543 സീറ്റുകളുള്ള ലോക്‌സഭയിൽ 400ൽ, ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് നേടാനായത്. കൂട്ടുകക്ഷികളായ ടിഡിപി 16 ഉം ജെഡിയു 12 ഉം സീറ്റുകൾ നേടി. 293 സീറ്റുകളുമായാണ് എൻഡിഎ നരേന്ദ്രമോദിയുടെ മൂന്നാം ഊഴം ഉറപ്പിച്ചത്. കോൺഗ്രസ് 99 സീറ്റുകൾ നേടി തങ്ങളുടെ ശക്തി തെളിയിച്ചു. ജൂൺ 9-നായിരുന്നു മൂന്നാം നരേന്ദ്രോ മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാജ്നാഥ് സിംഗ്, അമിത് ഷാ, എസ് ജയശങ്കർ, നിർമ്മലാ സീതാരാമൻ, പിയുഷ് ഗോയൽ അശ്വിനി വെെഷ്ണവ് തുടങ്ങി രണ്ടാം നരേന്ദ്രമോദി സർക്കാരിലെ മന്ത്രിമാർ മൂന്നാം മന്ത്രിസഭയിലുമുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഘട്ടർ എന്നിവർ ക്യാബിനെറ്റിലെത്തി.
ടിഡിപിയുടെ റാം മോഹൻ നായിഡു, ജെഡിയുവിന്റെ ലാൽ ലാൽ സിംഗ്, ലോക് ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ, ജെഡിഎസിന്റെ എച്ച്ഡി കുമാര സ്വാമി, എച്ച്ഐഎം നേതാവ് ജിതിൻ റാം മാഞ്ചി എന്നിവരാണ് സഖ്യ കക്ഷികളിൽ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാർ. ക്യാബിനിറ്റിൽ മുൻമന്ത്രി സഭയിൽ നിന്നുള്ള 19 പേരെ ബിജെപി നിലനിർത്തി. 5 പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 പേർ സഹമന്ത്രിമാരുമാണ്. നിർമ്മലാ സീതാരാമനും ജാർഖണ്ഡിൽ നിന്നുള്ള അന്നപൂർണ ദേവിയുമാണ് മൂന്നാം നരേന്ദ്രമോദി ക്യാബിനറ്റിലെ വനിതാ മന്ത്രിമാർ. കേരളത്തിന് അഭിമാനമായി സുരേഷ് ഗോപിയും ജോർജ് കുര്യനും മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ ഇടംപിടിച്ചു. സുരേഷ് ഗോപിയിലൂടെ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു.
തെലുങ്കുദേശം പാർട്ടി
ഹെെദരാബാദിനെ രാജ്യത്തിന്റെ ഐടി ഹബ്ബാക്കി മാറ്റിയ ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു, ജഗൻ മോഹൻ റെഡ്ഡിയെ വീഴ്ത്തിയാണ് മുഖ്യമന്ത്രിയായത്. ജൂൺ 12-നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. 4-ാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. 175 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന തെലുങ്ക് ദേശം പാർട്ടി അധികാരത്തിലേറിയത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ 16 എണ്ണവും നേടി, എൻഡിഎയിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായും ടിഡിപി മാറി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കും ജയിൽ വാസത്തിനും ശേഷം ബിജെപിയെയും പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയെയും കൂട്ടുപിടിച്ചാണ് ടിഡിപി അധികാരത്തിലേറിയത്. മേയ് 13ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ 4ന് വോട്ടെണ്ണൽ നടന്നപ്പോൾ വെെ എസ് ആർ കോൺഗ്രസിന്റെ സീറ്റ് നില 11-ലേക്ക് കൂപ്പുകുത്തി. 2019-ൽ വെെ എസ് ആർ കോൺഗ്രസ് 151 സീറ്റുകൾ നേടിയിരുന്നു. നായിഡുവിൻ്റെ മകൻ നാരാ ലോകേഷും ജനസേനാ നേതാവ് പവൻ കല്യാണും നിയമസഭയിലെത്തിയതാണ് 2024-ലെ ആന്ധ്രാ തെരഞ്ഞെടുപ്പിലെ പ്രധാന ആകർഷണം.
ഒഡീഷ
ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിപതറിയെങ്കിലും ഒഡീഷയിൽ ബിജെപി വലിയ വിജയമാണ് സ്വന്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലേറി. 74 സീറ്റുകൾ കേവല ഭൂരിപക്ഷത്തിന് വേണ്ട ഒഡീഷയിൽ 78 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. മോഹൻ ചരൺ മാഞ്ചിയാണ് മുഖ്യമന്ത്രി. 24 വർഷത്തെ ഭരണം പൂർത്തിയാക്കി തുടർഭരണം നേടാൻ ആഗ്രഹിച്ച ബിജെഡിക്ക് കനത്ത തിരിച്ചടിയാണ് ഒഡീഷയിൽ ഉണ്ടായത്. 112 സീറ്റുണ്ടായിരുന്ന ബിജെഡി 51-ലേക്ക് ഇടിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലും കനത്ത പ്രഹരമാണ് ബിജെഡിക്ക് ലഭിച്ചത്. സംസ്ഥാനത്തെ ഒരു സീറ്റിലും ജയിക്കാനായില്ല. 21-ൽ 20 സീറ്റും നേടി ബിജെപിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലും വലിയ കുതിപ്പ് നടത്തിയത്. ഒരു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. അച്ഛൻ ബിജു പട്നായിക്കിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ നവീൻ പട്നായിക് 2000 മുതലുള്ള തുടർച്ചയായ 24 വർഷത്തിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്.
ജമ്മു കശ്മീർ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇന്ത്യ സഖ്യമാണ് അധികാരത്തിലേറിയത്. നാഷണൽ കോൺഫറൻസിന്റെ മികച്ചപ്രകടനത്തോടെ 90-ൽ 49 സീറ്റ് നേടിയാണ് ഇന്ത്യ സഖ്യം കശ്മീരിന്റെ അധികാരം പിടിച്ചെടുത്തത്. സംസ്ഥാനത്ത് കോൺഗ്രസ് ആറ് സീറ്റും സിപിഎം ഒരു സീറ്റും നേടി. ഒറ്റ് മത്സരിച്ച ബിജെപി നേടിയത് 29 സീറ്റ്. ഒമർ അബ്ദുള്ളയാണ് മുഖ്യമന്ത്രി.
ഹരിയാന
കർഷക സമരമുൾപ്പെടെ ഹരിയാനയിൽ ഭരണവിരുദ്ധ വികാരം ഉടലെടുത്തിരുന്നെങ്കിലും മൂന്നാം തവണയും സംസ്ഥാനത്ത് ബിജെപി ഭരണംപിടിച്ചു. എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റാണെന്ന് പറയിപ്പിക്കും വിധം, 90 സീറ്റിൽ 48-ഉം നേടിയാണ് ബിജെപി ഹാട്രിക് വിജയം സ്വന്തമാക്കിയത്. കോൺഗ്രസ് 36 സീറ്റ് നേടിയപ്പോൾ ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. നായബ് സിംഗ് സെെനിയാണ് മുഖ്യമന്ത്രി.
മഹാരാഷ്ട്ര
ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി തയ്യാറെടുത്തത്. ജനങ്ങൾക്കുണ്ടായ എതിർപ്പുകൾ തിരിച്ചറിഞ്ഞ് തിരുത്തിയാൽ അവർ ഒപ്പമുണ്ടാകുമെന്ന മഹായുതിയുടെ വിശ്വാസം തെറ്റല്ലെന്ന് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി. 2 മുന്നണികളിലായി നിന്നിരുന്ന 6 പാർട്ടികൾ തമ്മിലായിരുന്നു മത്സരം. സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിൽ 230-ലും ജയിച്ചാണ് മഹായുതി സഖ്യത്തിന്റെ ജയം. ബിജെപി 132 സീറ്റുകളും നേടി. ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രി.
ജാർഖണ്ഡ്
നാലാം തവണയാണ് ജാർഖണ്ഡ് ജെഎംഎമ്മിന് ഒപ്പം നിൽക്കുന്നത്. 81 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം 56 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. 43 സീറ്റുകളിൽ മത്സരിച്ച ജെഎംഎം 34-ലും ജയിച്ച് കരുത്ത് കാട്ടി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും സിപിഐഎംഎൽ 2 സീറ്റിലും വിജയിച്ചു. ഈ തെരഞ്ഞെടുപ്പിലൂടെ നാലാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്.