Crime News: ബാൽക്കണിയിൽ നിന്ന് കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; യുവതി പിടിയിൽ
Woman Arrested For Killing Sons: രണ്ട് മക്കളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. മൂന്ന് വയസിൽ താഴെയുള്ള രണ്ട് മക്കളെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെയാണ് പോലീസ് പിടികൂടിയത്.
ബാൽക്കണിയിൽ നിന്ന് കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി പിടിയിൽ. തൻ്റെ രണ്ട് ആൺമക്കളെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർത്താവുമായുള്ള ചില പ്രശ്നങ്ങളാണ് അവരെ കൊലപാതകത്തിലേക്ക് നയിച്ചത്. ദാമനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തിങ്കളാഴ്ച രാത്രി മോതി ദാമൻ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. രണ്ട് കുഞ്ഞുങ്ങൾ ഒരു കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു എന്നായിരുന്നു കോൾ. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഈ കുഞ്ഞുങ്ങൾ മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുങ്ങളുടെ മാതാവ് സീമ യാദവ് അറസ്റ്റിലായത്.
നാനി ദാമനിലെ ദൽവാദയിലാണ് സീമ യാദവും ഭർത്താവും താമസിക്കുന്നത്. ഭർത്താവുമായി വഴക്കുണ്ടായതോടെ ഇവർ തങ്ങളുടെ കുഞ്ഞുങ്ങളെ നാലാം നിലയിൽ നിന്ന് താഴേക്കെറിയുകയായിരുന്നു. രണ്ട് കുട്ടികളും മൂന്ന് വയസിൽ താഴെ പ്രായമുള്ളവരാണ്. ശേഷം സീമ യാദവും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ, അത് വിജയിച്ചില്ല.
വിവാഹനിശ്ചയം മുടങ്ങിയതിന് വരൻ്റെ സഹോദരന് നഷ്ടമായത് സ്വന്തം മീശ!
വിവാഹനിശ്ചയം മുടങ്ങിയതിനെ തുടർന്ന് വധുവിൻ്റെ വീട്ടുകാർ വരൻ്റെ സഹോദരൻ്റെ മീശ വടിച്ചു. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം നടന്നത്. വിവാഹം ഉറപ്പിച്ച് പരസ്പരം ധാരണയായ ശേഷമായിരുന്നു വിവാഹനിശ്ചയം. എന്നാൽ, വിവാഹനിശ്ചയത്തിന് എത്തിയപ്പോൾ വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല. വിവാഹം ഉറപ്പിച്ച സമയത്ത് ഫോട്ടോയിൽ കണ്ടത് പോലെയല്ല എന്നായിരുന്നു വരൻ്റെ ബന്ധുക്കളുടെ പരാതി. വധുവിനെ നേരിൽ കാണാൻ ഒരുപാട് മാറ്റമുണ്ടെന്നും ഫോട്ടോയിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വരൻ്റെ ബന്ധുക്കൾ പറഞ്ഞു. വധുവിനോട് വരൻ്റെ സഹോദരി ഇക്കാര്യം നേരിട്ട് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ഇരു വീട്ടുകാരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
തർക്കത്തിനിടെയാണ് വധുവിൻ്റെ വീട്ടുകാർ വരന്റെ സഹോദരന്റെ മീശ വടിച്ചത്. ഈ ദൃശ്യങ്ങൾ ആരോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് വരൻ മറ്റൊരു വിഡിയോ പങ്കുവച്ചു. വിവാഹം ഉറപ്പിച്ച സമയത്ത് കാണിച്ച ചിത്രത്തിൽ നിന്ന് വധുവിനെ നേരിട്ട് കാണാൻ വലിയ വ്യത്യാസമുണ്ടായിരുന്നു എന്ന് വരൻ വിഡിയോയിൽ പറയുന്നു. ആ സമയത്ത് കാണിച്ച ചിത്രം വേറെയായിരുന്നു. നേരിട്ട് കാണാൻ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് വിവാഹനിശ്ചയം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹം വേണ്ടെന്നല്ല, അതേക്കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ തനിക്കും കുടുംബത്തിനും വലിയ രീതിയിലുള്ള സമ്മർദ്ദം ഏൽക്കേണ്ടിവന്നു. പൊതുവിടത്തിൽ നാണം കെട്ടു. വധുവിൻ്റെ വീട്ടുകാർ പണം നൽകി പ്രശ്നം പരിഹരിക്കാൻ നിർബന്ധിക്കുകയാണ് എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ വരൻ പറയുന്നു. ഇക്കാര്യത്തിൽ രണ്ട് കുടുംബക്കാരും പരാതിനൽകിയിട്ടില്ലാത്തതിനാൽ ഇതുവരെ പോലീസ് കേസെടുത്തില്ല.