Railway Station: റെയിൽവേ സ്റ്റേഷനിൽ കുഞ്ഞിന് ജന്മം നൽകി യുവതി; സഹായം നൽകിയത് പോലീസ് ഉദ്യോഗസ്ഥർ
Woman Delivers Baby At Railway Station: ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിൽ വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചതും പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്.

റെയിൽവേ സ്റ്റേഷനിൽ വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. റെയിൽവേ പോലീസിൻ്റെ സഹായത്തോടെയാണ് യുവതി റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചത്. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ന്യൂഡൽഹിയിലെ അനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ വച്ച് വ്യാഴാഴ്ചയാണ് സംഭവം. ബീഹാറിലെ സമസ്തിപൂർ സ്വദേശിയായ യുവതി ട്രെയിനുള്ളിൽ വച്ച് പ്രസവിക്കുകയായിരുന്നു. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് എസ്ഐ നവീൻ കുമാരി മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രസവത്തിന് സഹായം നൽകി. സ്റ്റേഷനിലെ യാത്രക്കാരും ഇവരെ സഹായിച്ചു. ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തതും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ പെട്ട ഈ പോലീസ് ഉദ്യോഗസ്ഥരായിരുന്നു.
“വിവരം ലഭിച്ചപ്പോൾ ഞാൻ ഡ്യൂട്ടിയിലായിരുന്നു. ഉടൻ തന്നെ ഞാൻ ആംബുലൻസിനെ വിളിച്ചു. ബിഹാർ സമസ്തിപൂരുകാരിയായ യുവതി പ്രസവവേദനയിലായിരുന്നു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥയുടെയും ട്രെയിനിലെ യാത്രക്കാരിൽ ഒരാളുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. എന്നിട്ട് അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.”- നവീൻ കുമാരി പറഞ്ഞു.




“സഹസ്രയിൽ നിന്ന് അനന്ദ് വിഹാറിലേക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് യുവതിയുടെ പ്രസവവേദനയെപ്പറ്റി ഞങ്ങൾക്ക് വിവരം ലഭിച്ചത്. ആ സമയത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയും മറ്റ് ഉദ്യോഗസ്ഥരും ട്രെയിനിലെ ഒരു യാത്രക്കാരിയുടെ സഹായത്തോടെ കാര്യങ്ങൾ നിയന്ത്രിച്ചു. പിന്നീട് ആംബുലൻസിൽ ഇവരെ ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.”- ഇൻസ്പെക്ടർ ശൈലേന്ദ്ര കുമാർ വ്യക്തമാക്കി.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ലൈംഗികാതിക്രമം
തമിഴ്നാട്ടിലെ വെല്ലൂരിൽ കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് ഗർഭിണിയായ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായിരുന്നു. ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36കാരി വെല്ലൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലേഡീസ് കംപാർട്ട്മെന്റിൽ തനിച്ചിരിക്കുകയായിരുന്ന യുവതിയെ ഇടയ്ക്ക് ഒരു സ്റ്റേഷനിൽ നിന്ന് കയറിയ പ്രതി ശല്യം ചെയ്യുകയായിരുന്നു. ലൈംഗികാതിക്രമം നടത്താനുള്ള ശ്രമം പ്രതിരോധിച്ച യുവതി ട്രെയിനിലെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. പരിക്കേറ്റ യുവതിയുടെ കൈകാലുകൾ ഒടിയുകയും തലയ്ക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. ട്രാക്കിന് സമീപം കിടക്കുകയായിരുന്ന യുവതിയെ അതുവഴി പോയ ആളുകൾ രക്ഷപ്പെടുത്തുകയായിരുന്നു.