Prajwal Revanna: ആരാണ് ആ വിവാദ നായകൻ പ്രജ്വൽ രേവണ്ണ? അറിഞ്ഞിരിക്കേണ്ട ചരിത്രം
പാർലമെൻറിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ അംഗം കൂടിയാണ് പ്രജ്വൽ.
രാജ്യത്തെ ഞെട്ടിച്ച ലൈംഗികാതിക്രമ കേസിലെ പ്രതി, കർണാടക രാഷ്ട്രീയത്തിലെ അതികായരുടെ വലിയ കുടുംബം, പ്രജ്വൽ രേവണ്ണ ആരാണെന്ന് ഇപ്പോഴും ദേശിയ രാഷ്ട്രീയത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്നാണ്.
കർണ്ണാടക മുൻ പൊതുമരാമത്ത് മന്ത്രി എച്ച്ഡി രേവണ്ണയുടെ മകൻ എന്നതിലുപരി മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവ ഗൗഡയുടെ കൊച്ചുമകൻ എന്ന പേരിലറിയപ്പെടുമ്പോഴാണ് പ്രജ്വൽ രേവണ്ണയുടെ വലിപ്പം വ്യക്തമാകുന്നത്. അമ്മാവൻ കർണ്ണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയാണെന്നത് അധികമാർക്കും അറിയാത്ത സംഗതി കൂടിയാണ്.
പാർലമെൻറിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ അംഗം കൂടിയാണ് പ്രജ്വൽ. ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് 2014-ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ പ്രജ്വൽ ഓസ്‌ട്രേലിയയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് തിരിയാനായി ബിരുദാനന്ത ബിരുദം വേണ്ടെന്ന് വെച്ചു.
2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് എച്ച്‌ഡി ദേവഗൗഡയുടെ പ്രചാരണത്തിൽ ചേർന്ന പ്രജ്വലിന് 2018 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയില്ല. ഇതിനിടയിൽ 2015-ൽ യുകെ കോമൺവെൽത്ത് പാർലമെൻ്ററി അസോസിയേഷൻ, തിരഞ്ഞെടുത്ത ഇന്ത്യയിലെ 10 യുവ രാഷ്ട്രീയക്കാരിൽ ഒരാളായി മാറി പ്രജ്വൽ.
2019- ൽ ദേവഗൗഡയുടെ സ്വാധീനത്താൽ പ്രജ്വലിനെ ഹാസനിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. കൊച്ചു മകന് പകരം ദേവഗൗഡ തുംകൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൻ്റെ പാർട്ടിയുടെ ആറ് സ്ഥാനാർത്ഥികളിൽ നിന്ന് ഏക വിജയിയായി മാറിയ പ്രജ്വൽ ചരിത്രം സൃഷ്ടിച്ചു.
തൻ്റെ മുത്തച്ഛൻ തുംകൂരിൽ നിന്ന് പരാജയപ്പെട്ടതിൽ ദുഃഖിതനായ പ്രജ്വൽ വിജയിച്ച് 12 മണിക്കൂറിനുള്ളിൽ, തൻ്റെ രാജി പ്രഖ്യാപിച്ചു വീണ്ടും ഞെട്ടിച്ചു. സീറ്റ് ഗൗഡയ്ക്ക് വാഗ്ദാനം ചെയ്യുകയും കൂടി ചെയ്തതോടെ വാർത്തയിൽ ഇടം നേടുന്നതിലുപരി തൻ്റെ പ്രതിഛായ കൂട്ടാനും ഇദ്ദേഹത്തിന് കഴിഞ്ഞു.
നിരവധി സ്ത്രീകളാണ് പ്രജ്വലിനെതിരെ ലൈംഗീകാതിക്രമക്കേസിൽ പരാതി നൽകിയത്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഹാസൻ ജില്ലയിൽ ചില വ്യാജ ഫോട്ടോകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുവെന്ന് ആരോപിച്ച് വോട്ടിംഗ് ദിവസം പ്രജ്വലിൻ്റെ പോളിംഗ് ഏജൻ്റ് പോലീസിൽ പരാതി നൽകിയിരുന്നു. “പ്രതികൾ വീടുതോറും പോയി അശ്ലീല ഫോട്ടോകൾ കാണിക്കുകയും പ്രജ്വലിന് വോട്ട് ചെയ്യാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.
ഏപ്രിൽ 27 ന്, കർണാടക സർക്കാർ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. കേസിൽ പ്രജ്വൽ തന്നെ നിർമ്മിച്ച വീഡിയോകൾ അടങ്ങിയ ആയിരക്കണക്കിന് പെൻഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം തുടങ്ങിയ പൊതു സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞതായി കണ്ടെത്തി.
ഇതിനിടയിൽ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നു. പോകുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിക്കുന്നതിന് ആവശ്യമായ ക്ലിയറൻസ് അദ്ദേഹം നേടിയിരുന്നില്ല. തുടർന്ന് പ്രജ്വലിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. പ്രജ്വലിനെ കണ്ടെത്താൻ എസ്ഐടി ഇൻ്റർപോളിൻ്റെ സഹായം തേടുകയും മെയ് 5 ന് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്നാണ് മെയ് 31 ന്, ബാംഗ്ലൂരിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.