Narain Chaura : സുഖ്ബീര്‍ സിങ് ബാദലിന് നേരെയുള്ള വധശ്രമം; ആരാണ് നരെയ്ൻ സിങ് ചൗര ? അറിയേണ്ടതെല്ലാം
Who is Narain Chaura : നരെയ്ൻ സിങ് ചൗര എന്നയാളാണ് ബാദലിനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബാദല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ അക്രമിയെ കീഴ്‌പ്പെടുത്തി
ചണ്ഡീഗഡ്: ശിരോമണി അകാലദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെയുണ്ടായത് അപ്രതീക്ഷിതമായ വധശ്രമമാണ്. നരെയ്ൻ സിങ് ചൗര എന്നയാളാണ് ബാദലിനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബാദല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ അക്രമിയെ കീഴ്‌പ്പെടുത്തി.
നരെയ്ൻ സിങ് ചൗര
1956 ഏപ്രിൽ 4-ന് ദേരാ ബാബ നാനാക്കിന് (ഗുർദാസ്പൂർ) സമീപമുള്ള ചൗര ഗ്രാമത്തിലാണ് ഇയാള്‍ ജനിച്ചത്. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ്, അകാൽ ഫെഡറേഷൻ തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ബബ്ബർ ഖൽസ ഇൻ്റർനാഷണൽ (ബികെഐ) പോലുള്ള നിരോധിത സംഘടനകളുമായി ബന്ധമുള്ള ഇയാള്‍ക്കെതിരെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയ കുറ്റം ഉൾപ്പെടെ ഒരു ഡസനോളം കേസുകളുണ്ട്.
മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ജഗ്താർ സിംഗ് ഹവാര, പരംജിത് സിംഗ് ഭിയോര, ജഗ്താർ സിംഗ് താര എന്നിവരുൾപ്പെടെയുള്ളവരുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
1984ൽ പഞ്ചാബിലെ ഭീകരവാദത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ നരെയ്ൻ സിങ് ചൗര പാകിസ്ഥാനിലേക്ക് പോയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അവിടെ പഞ്ചാബിലെ കലാപത്തിന് ഇയാള്‍ ആക്കം കൂട്ടാന്‍ ശ്രമിച്ചു. കൂടാതെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതിലും ഇയാള്‍ പ്രധാന പങ്ക് വഹിച്ചു. പാകിസ്ഥാനിലായിരുന്നപ്പോള്‍ ഇയാള്‍ രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകം എഴുതിയതായും റിപ്പോര്‍ട്ടുണ്ട്.
ഖലിസ്ഥാൻ വിരുദ്ധ് സാസിഷ് എന്ന പേരിൽ വിവാദ പുസ്തകം എഴുതി. ബാദലുകള്‍ക്കെതിരെ ഇയാള്‍ എന്നും പ്രവര്‍ത്തിച്ചിരുന്നു. 1980 മുതൽ ബാദലിനെതിരെ നിലകൊള്ളുന്ന ഹവാര ഗ്രൂപ്പിൻ്റെ ഭാഗമാണ് നരെയ്ൻ സിങ് ചൗര. നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍. അമൃത്സർ, തരൺ തരൺ, റോപ്പർ ജില്ലകളിൽ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ ആദ്യം അറസ്റ്റിലായത് 2013 ഫെബ്രുവരി 28ന് തരൺ തരണിൽ വെച്ചാണ്.
ALSO READ: അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനു നേരെ വധശ്രമം; വെടിയുതിർത്തത് സുവർണ ക്ഷേത്രത്തിനുള്ളിൽ
ബാദലിന് ലഭിച്ച ശിക്ഷ
സിഖുകാരുടെ സംഘടനയായ അകാല്‍ തഖ്ത് നേരത്തെ ബാദലിന് ശിക്ഷ വിധിച്ചിരുന്നു. ഇതുപ്രകാരം സുവര്‍ണക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരിക്കുകയായിരുന്നു ബാദല്‍.
രണ്ട് ദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് തൂക്കണം, കയ്യില്‍ കുന്തമുണ്ടാകണം, കീര്‍ത്തനങ്ങള്‍ ആലപിക്കണം, ഗുരുദ്വാരകളിലെ ശുചിമുറിയടക്കം വൃത്തിയാക്കണം തുടങ്ങിയവയായിരുന്നു ബാദലിന് വിധിച്ച ശിക്ഷകള്‍. 2007- 2017 കാലത്തെ അകാലിദള്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയായിരുന്നു ശിക്ഷ വിധിച്ചത്.
അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ബാദല്‍ ശിരോമണി അകാലിദളിന്റെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.