ദാവൂദ് ഇബ്രാഹിമിനെ പോലും കടത്തിവെല്ലാൻ ശേഷിയുള്ള അധോലോക നായകൻ; ആരാണ് ലോറൻസ് ബിഷ്ണോയ്? | Who is Lawrence Bishnoi, the Gangster Who Killed Ex-Minister Baba Siddique, Know All About Bishnoi Gang Malayalam news - Malayalam Tv9

Lawrence Bishnoi: ദാവൂദ് ഇബ്രാഹിമിനെ പോലും കടത്തിവെല്ലാൻ ശേഷിയുള്ള അധോലോക നായകൻ; ആരാണ് ലോറൻസ് ബിഷ്ണോയ്?

The Gangster Lawrence Bishnoi: ബിഷ്ണോയ് സംഘവും ദാവൂദ് ഇബ്രാഹിമിന്റേത് പോലെ, ചെറിയ കുറ്റകൃത്യങ്ങളിൽ നിന്നും ആരംഭിച്ചാണ് നിലവിൽ ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തുന്ന സംഘം എന്ന നിലയിലേക്ക് വളർന്നത്.

Lawrence Bishnoi: ദാവൂദ് ഇബ്രാഹിമിനെ പോലും കടത്തിവെല്ലാൻ ശേഷിയുള്ള അധോലോക നായകൻ; ആരാണ് ലോറൻസ് ബിഷ്ണോയ്?

ലോറൻസ് ബിഷ്ണോയ് (Social Media Image)

Published: 

16 Oct 2024 00:39 AM

കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് ‘ലോറൻസ് ബിഷ്ണോയ്’. വർഷങ്ങൾക്ക് മുമ്പ് ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്ന ഈ പേര്, പിന്നീട് സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണിയിലും ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ സംഭവങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിനിടയ്ക്കാണ്, അപ്രതീക്ഷിതമായി മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ച വിവരം പുറത്ത് വരുന്നത്. ലോറൻസ് ബിഷ്ണോയ് സംഘമായിരിക്കും ഇതിന്റെ പിന്നിലെന്ന് പോലീസ് സംശയിച്ച് തുടങ്ങുമ്പോഴേക്കും, ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘം തന്നെ മുന്നോട്ട് വന്നു.

ഒക്ടോബർ 12-നാണ് മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന സിദ്ധിഖി വെടിയേറ്റ് മരിച്ചത്. അദ്ദേഹം മകന്റെ ഓഫിസിൽ നിന്നും ഇറങ്ങിവരുമ്പോഴാണ് ബിഷ്ണോയ് ഗ്യാങിലെ മൂന്ന് പേർ പലതവണയായി അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഉടൻ തന്നെ സിദ്ധിഖിയെ അടുത്തുള്ള ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്ന് തന്നെ പോലീസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പിടികൂടി. തുടർന്നാണ്, ബിഷ്ണോയ് ഗാങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. എന്നാൽ, ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് എത്രയോ മുമ്പ് തന്നെ ലോറൻസ് ബിഷ്ണോയ് എന്ന അധോലോക ഗുണ്ടയുടെ പേര് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

1993 ഫെബ്രുവരി 12-ന് പഞ്ചാബ് ഫിറോസ്പൂരിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബിഷ്ണോയ്, പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസ് സ്റ്റുഡന്റസ് കൗൺസിൽ അംഗമായിരുന്നു. അവിടെ വെച്ചാണ് ഗോൾഡി ബ്രാർ എന്ന മറ്റൊരു പ്രമുഖ ഗുണ്ടാസംഘ തലവനെ കണ്ടുമുട്ടുന്നത്. തുടർന്ന്, ഇവർ ഇരുവരും യൂണിവേഴ്സിറ്റി രാഷ്ട്രീയത്തിൽ സജീവമാവുകയും, ചെറിയ ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ആരംഭിക്കുകയും ചെയ്തു. അതിനിടയിലും, ബിഷ്ണോയ് പഞ്ചാബ് സർവകലാശാലയിൽ നിന്നും എൽഎൽബി ബിരുദം പൂർത്തിയാക്കി. അതായത്, നിയമ വശങ്ങൾ മനസിലാക്കി തന്നെയാണ് ബിഷ്ണോയ് സംഘം പ്രവർത്തിക്കുന്നതെന്ന് സാരം.

ALSO READ: ലോറൻസ് ബിഷ്ണോയിയും സൽമാൻ ഖാനും തമ്മിൽ എന്താണ് പ്രശ്നം? വർഷങ്ങൾ നീണ്ട പകയുടെ കഥ

2010 കളിൽ, കൊലപാതകശ്രമം, അതിക്രമിച്ച് കടക്കൽ, കവർച്ച എന്നിങ്ങനെയാണ് ബിഷ്ണോയ് തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ കേസുകൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരുന്നു. ചണ്ഡീഗഡിൽ ഇയാൾക്കെതിരെ ഏഴ് കേസുകളാണ് അക്കാലത്തുണ്ടായിരുന്നത്. അതിൽ നാലെണ്ണത്തിൽ കുറ്റവിമുക്തനാക്കപ്പെടുകയും, മൂന്ന് കേസുകൾ ഇന്നും തീർപ്പാകാതെ നിലനിൽകുകയും ചെയ്യുന്നു. അന്ന് ജയിലിൽ കഴിഞ്ഞിരുന്ന കാലത്താണ് ബിഷ്ണോയ് കൂടുതൽ കുറ്റവാളികളുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നത്. പിന്നീട്, ജയിൽ മോചിതനായ ശേഷം, അദ്ദേഹം ആയുധക്കച്ചവടക്കാരുമായും മറ്റ് പ്രാദേശിക കുറ്റവാളികളുമായും അടുപ്പമുണ്ടാക്കി.

അങ്ങനെ 2021-ൽ എംസിഒസിഎ ചുമത്തി ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്ത പോലീസ്, ഇയാളെ തീഹാർ ജയിലേക്ക് മാറ്റി. എങ്കിലും, വോയിസ് ഓവർ ഐപി കോളുകളിലൂടെയും മറ്റും ബിഷ്ണോയ് തന്റെ സംഘവുമായി ആശയവിനിമയം തുടർന്നു കൊണ്ടേയിരുന്നു. പിന്നീട് പുറത്തിറങ്ങിയ ബിഷ്ണോയെ മയക്കുമരുന്ന കടത്തൽ കേസിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വീണ്ടും അറസ്റ് ചെയ്തു. നിലവിൽ, സബർമതി ജയിലിൽ അതീവ സുരക്ഷാ വാർഡിലാണ് ബിഷ്ണോയ്.

കൊലപാതകം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ജയിലിനുള്ളിൽ വെച്ചുതന്നെ ആസൂത്രണം ചെയ്യാനും അത് നടപ്പിലാക്കാനും മാത്രം ശക്തനാണ് ബിഷ്ണോയ് എന്ന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ കാണിച്ചുതരുന്നു. ഫോണിലൂടെയാണ് ഇയാൾ തന്റെ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്. പല തവണ ജയിലുകൾ മാറ്റിയിട്ടും, ഏകാന്ത തടവിൽ പാർപ്പിച്ചിട്ട് പോലും ഇത് തടയാൻ പൊലീസിന് കഴിഞ്ഞില്ല. പാകിസ്ഥാൻ ഗുണ്ടാനേതാവ് ഷഹ്സാദ് ഭാട്ടിയുമായി ബിഷ്ണോയ് സംസാരിക്കുന്നതിന്റെ വീഡിയോ അടക്കം നേരത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ലോറൻസ് ബിഷ്ണോയ് ആശയവിനിമയം നടത്തുന്ന ആളുകളുടെ ഐപി അഡ്രസ്, ലൊക്കേഷൻ തുടങ്ങിയ കാര്യങ്ങൾ പുറത്തുവരാതിരിക്കാൻ ഹൈഎൻഡ് വിപിഎൻ നെറ്വർക്കുകളാണ് ഉപയോഗിക്കുന്നത്. സിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്പുകളിലൂടെയാണ് തന്റെ സംഘത്തിലുള്ള ആളുകളുമായി ഇയാൾ ആശയവിനിമയം നടത്തുന്നത്. ഖലിസ്ഥാൻ ഭീകരരുമായും ബിഷ്ണോയ് ഗാങിന് അടുത്തബന്ധമാണുള്ളത്.

ALSO READ: സംഘത്തിൽ മൊത്തം 700 ഷൂട്ടർമാർ; ലോറൻസ് ബിഷ്‌ണോയിയുടെ വളർച്ച ദാവൂദ് ഇബ്രാഹിമിന്റേതിന് സമാനം

700-ലധികം ഷാർപ്പ് ഷൂട്ടർമാർ ഇവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. അതിൽ 300 പേരും പഞ്ചാബിൽ നിന്നുള്ളവരാണെന്ന് എൻഐഐ പറയുന്നു. കൂടാതെ, ബിഷ്ണോയ് ഏറ്റെടുക്കുന്ന ക്വട്ടേഷനുകൾ ഏല്പിക്കുന്നത് പ്രാദേശികമായി പ്രവർത്തിക്കുന്ന ചെറിയ ഗ്യാങ്ങുകൾക്കാണ് . ഇതിനായി അവർക്ക് ആയുധ പരിശീലനവും, ധാരാളം പ്രതിഫലവും നൽകുന്നു. ദാവൂദ് ഇബ്രാഹിമിന്റെ പാതയാണ് ബിഷ്ണോയ് സംഘം പിന്തുടർന്ന് വരുന്നതെന്നാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പോലും പറയുന്നത്. ബിഷ്ണോയ് സംഘവും ദാവൂദ് ഇബ്രാഹിമിന്റേത് പോലെ, ചെറിയ കുറ്റകൃത്യങ്ങളിൽ നിന്നും ആരംഭിച്ചാണ് നിലവിൽ ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തുന്ന സംഘം എന്ന നിലയിലേക്ക് വളർന്നത്. സത്വീന്ദർ സിങ് എന്ന ഡോൾബി ബ്രാർ ആണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന് നേതൃത്വം നൽകുന്നത്. കനേഡിയൻ പോലീസും ഇന്ത്യൻ ഏജൻസികളും അന്വേഷിക്കുന്ന കൊടും കുറ്റവാളിയാണ് ഡോൾബി ബ്രാർ.

പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ദൽഹി, രാജസ്ഥാൻ, ജാർഖണ്ഡ് ഉൾപ്പടെ ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബിഷ്ണോയ് ഗാങിന് ശക്തമായ പിടിപാടുണ്ട്. ഇവരുടെ സംഘത്തിൽ ചേരുന്നവർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം ഉൾപ്പടെയുള്ള വാഗ്ദാനങ്ങളാണ് നൽകുന്നത്. ബിഷ്ണോയ് സംഘത്തിന്റെ പ്രധാന ടാർഗെറ്റുകളിൽ ഒരാളാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. സൽമാൻ ഖാന് നേരെ സംഘം പരസ്യമായി വധഭീഷണി മുഴക്കിയിട്ടുണ്ട്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട പകയാണ് ഇവർക്ക് അദ്ദേഹത്തോടുള്ളത്. സൽമാൻ ഖാനെ വധിക്കുന്നതിന് 25 ലക്ഷം രൂപ പ്രതിഫലവും സംഘം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ സൽമാൻ ഖാന്റെ വീടിന് നേരെ ഇവർ പലതവണ വെടിയുതിർക്കുകയും ചെയ്തിരുന്നു.

നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്
ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം