V Narayanan ISRO Chairman: ക്രയോജനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണായക പങ്ക്; ‘ക്രയോമാൻ’ എന്ന് വിളിപ്പേര്; ആരാണ് ഐഎസ്ആർഒ പുതിയ ചെയർമാൻ വി നാരായണൻ?
Who is ISRO New Chairman Dr V Narayanan: ജിഎസ്എല്‍വി മാര്‍ക്ക് ത്രീ, ചന്ദ്രയാന്‍ 2 മിഷന്‍ എന്നിവയിലും വി നാരയണൻ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 2 ലാന്‍ഡിങ് ദൗത്യം പരാജയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനും അദ്ദേഹമായിരുന്നു.
ഐഎസ്ഐആർഒ ചെയർമാനായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ് ഡോ.വി നാരായണൻ. കന്യാകുമാരി സ്വദേശിയായ അദ്ദേഹം നിലവിൽ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ ഏഴ് വർഷമായി തിരുവനന്തപുരത്താണ് താമസം. നിലവിലെ ഐഎസ്ആര്‍ഒ ചെയര്‍മാനായ സോമനാഥ് സ്ഥാനമൊഴിയുന്ന ജനുവരി 14ന് അദ്ദേഹം സ്ഥാനമേൽക്കും. രണ്ടു വർഷത്തേക്കാണ് നിയമനം. ഈ കാലയളവിൽ ബഹിരാവകാശ വകുപ്പ് സെക്രട്ടറി, ബഹിരാവകാശ ചെയർമാൻ എന്നീ ചുമതകൾ കൂടി അദ്ദേഹം കൈകാര്യം ചെയ്യും.
1984-ൽ ഐഎസ്ആർഒയിൽ ചേർന്ന ഡോ. വി നാരായണൻ, റോക്കറ്റ്, ബഹിരാവകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്‌ധനാണ്. എൽ.പി.എസ്.സിയുടെ ഡയറക്ടറാകുന്നതിന് മുമ്പ് അദ്ദേഹം വിവിധ പദവികളിൽ സ്ഥാനം വഹിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ഏകദേശം നാലര വർഷക്കാലം അദ്ദേഹം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (VSSC) സൗണ്ടിംഗ് റോക്കറ്റുകളുടെയും, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി), ഓഗ്മെൻ്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), എന്നിവയുടെയും സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും പ്രവർത്തിച്ചു. കോമ്പോസിറ്റ് ഇഗ്നൈറ്റർ കേസുകൾ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കൺട്രോൾ, അബ്ലേറ്റീവ് നോസൽ സിസ്റ്റങ്ങൾ, റിയലൈസേഷൻ തുടങ്ങി ഈ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ നിരവധിയാണ്.
1989-ൽ ക്രയോജനിക് എഞ്ചിനീയറിങ്കിൽ വി നാരയണൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. തുടർന്ന്, 1990ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിൽ നിന്ന് എംടെക് ഒന്നാം റാങ്കോടെ പാസായ അദ്ദേഹത്തിന് വെളളി മെഡലും, ആസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സ്വർണ്ണ മെഡലും ലഭിച്ചു. പിന്നാലെ 2001-ൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി പൂർത്തിയാക്കി. ഇതിനിടെ 1984ലാണ് അദ്ദേഹം ഐഎസ്ആര്‍ഒയില്‍ ചേരുന്നത്. സി25 ക്രയോജനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വി നാരയണൻ ‘ക്രയോമാൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജിഎസ്എല്‍വി മാര്‍ക്ക് ത്രീ, ചന്ദ്രയാന്‍ 2 മിഷന്‍ എന്നിവയിലും വി നാരയണൻ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 2 ലാന്‍ഡിങ് ദൗത്യം പരാജയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനും, ഗഗന്‍യാനിന്റെ നാഷണല്‍ ലെവല്‍ ഹ്യൂമന്‍ റേറ്റഡ് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ (എച്ച്ആര്‍സിബി) ചെയര്‍മാനുമാണ്. കൂടാതെ, എല്ലാ ബഹിരാകാശ ദൗത്യങ്ങളിലും പ്രോഗ്രാമുകളിലും തീരുമാനമെടുക്കുന്ന സ്ഥാപനമായ പ്രോജക്ട് മാനേജ്‌മെന്റ് കൗണ്‍സില്‍-സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റത്തിന്റെ ചെയറാമിന് കൂടിയാണ് അദ്ദേഹം.
ഇൻ്റർനാഷണൽ അക്കാദമി ഓഫ് അസ്‌ട്രോനോട്ടിക്‌സിലെ (IAA) അംഗം കൂടിയാണ് വി നാരായണൻ. കൂടാതെ, ഇൻ്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ്റെ സ്‌പേസ് പ്രൊപ്പൽഷൻ കമ്മിറ്റി അംഗം, ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിൻ്റെ ഫെലോ, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ), എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഫെലോ, ഇന്ത്യൻ സൊസൈറ്റി ഓഫ് സിസ്റ്റംസ് ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൻ്റെ (ISSE) ഫെല്ലോ, ഇന്ത്യൻ ക്രയോജനിക് കൗൺസിലിൻ്റെ ഫെല്ലോ, ഐഎൻഎഇ ഗവേണിംഗ് കൗൺസിൽ അംഗം കൂടിയാണ്.