5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gyanesh Kumar: കേരള കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥൻ; പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; ആരാണ് ഗ്യാനേഷ് കുമാർ

Who is Gyanesh Kumar: 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. 61കാരനായ ഇദ്ദേഹം കഴിഞ്ഞ വർഷം സഹകരണ മന്ത്രാലയ സെക്രട്ടറിയായാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.

Gyanesh Kumar: കേരള കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥൻ; പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; ആരാണ് ഗ്യാനേഷ് കുമാർ
ഗ്യാനേഷ് കുമാർImage Credit source: PTI
nandha-das
Nandha Das | Published: 18 Feb 2025 06:56 AM

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രാജീവ് കുമാറിന്റെ കാലാവധി പൂർത്തിയായതോടെ ആണ് ഗ്യാനേഷ് കുമാറിനെ നിയമിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരുന്നു. ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകളും ഗ്യാനേഷ് കുമാറിൻ്റെ മേൽനോട്ടത്തിൽ ആകും നടക്കുക.

1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. 61കാരനായ ഇദ്ദേഹം കഴിഞ്ഞ വർഷം സഹകരണ മന്ത്രാലയ സെക്രട്ടറിയായാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും ഗ്യാനേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനുള്ള കരട് ബിൽ തയ്യാറാക്കുന്നതിൽ ഇദ്ദേഹം പങ്കുവഹിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കശ്മീർ ഡിവിഷൻ ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാർ ആയിരുന്നു അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.

ALSO READ: ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; കേരള കേഡർ ഉദ്യോഗസ്ഥനെത്തുക രാജീവ് കുമാറിൻ്റെ ഒഴിവിലേക്ക്

പാർലമെൻ്ററികാര്യ മന്ത്രാലയ സെക്രട്ടറിയായും, യുപിഎ കാലയളവിൽ പ്രതിരോധ മന്ത്രാലയത്തിലും ഗ്യാനേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയാണ് ഇദ്ദേഹം. കാൻപുർ ഐഐടിയിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ബിസിനസ് ഫിനാൻസും പൂർത്തിയാക്കിയ ഗ്യാനേഷ് കുമാർ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻവയോൺമെൻ്റൽ എക്കണോമിക്സും പൂർത്തിയാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റിയാണ് കമ്മറ്റിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചത്. ഈ കമ്മിറ്റിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതു സംബന്ധിച്ച കേസ് അടുത്ത ദിവസം സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. അതിനിടെ ആണ് യോഗം ചേർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുത്തത്. എന്നാൽ നിയമനം തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും സെലക്ഷൻ കമ്മിറ്റി തീരുമാനവുമായി മുന്നോട്ടുപോയി. ഇതിൽ രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകി.