EPFO Interest : എന്ന് ലഭിക്കും പിഎഫ് പലിശ? പുതിയ അപ്ഡേറ്റുമായി ഇപിഎഫ്ഒ
നിരവധി പേരാണ് തങ്ങളുടെ വർധിപ്പിച്ച പലിശ തുകയ്ക്കായി കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും നിരവധി പേർ ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്
ന്യൂഡൽഹി: ഇപിഎഫ്ഒ മെമ്പറാണോ നിങ്ങൾ ? എന്നാൽ ചില സുപ്രധാന കാര്യങ്ങൾ നിങ്ങളും അറിഞ്ഞിരിക്കണം. എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ 8 ശതമാനത്തിലധികമാണ് ഇപിഎഫ്ഒയിൽ നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. 2023-24-ൽ പലിശ നിരക്ക് 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ വർധിപ്പിച്ച പലിശയ്ക്കായി കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും നിരവധി പേർ ഇത് സംബന്ധിച്ച ചോദ്യങ്ങൾ ആരായുന്നുണ്ട്. ഒരു ട്വീറ്റിന് ലഭിച്ച ചോദ്യത്തിന്റെ മറുപടിയായി പിഎഫ് പലിശ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ലഭ്യമാകാനുള്ള നടപടിക്രമങ്ങൾ ചെയ്ത് വരികയാണെന്നും തുക ഉടൻ അതാത് ഉടമകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നും പ്രൊവിഡന്റ് ഫണ്ട് ബോഡി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ആർക്കും തന്നെ നഷ്ടം ഉണ്ടാവില്ലെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 28.17 കോടി ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക് പലിശ ഇനത്തിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിച്ച് എത്ര രൂപ പലിശ ലഭ്യമായിട്ടുണ്ടെന്ന് അറിയാൻ സാധിക്കും. ഇതെങ്ങനെയെന്ന് നോക്കാം
ബാലൻസ് പരിശോധിക്കാം
അംഗങ്ങൾക്ക് ഇപിഎഫ്ഒ പോർട്ടൽ വഴി ലോഗിൻ ചെയ്ത് നിങ്ങളുടെ ബാലൻസ് പരിശോധിക്കാം. ഇതിനായി ആദ്യ ഇപിഎഫ്ഒ പോർട്ടലിലേക്ക് പോകുക. യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. നിങ്ങളുടെ PF അക്കൗണ്ട് തിരഞ്ഞെടുക്കുക. ഇതിനുശേഷം, പിഎഫ് പാസ്ബുക്ക് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ബാലൻസ് അറിയാൻ സാധിക്കും.
ഇനിയുമുണ്ട് വഴികൾ
നിങ്ങളുടെ ഫോണിൽ ഉമംഗ് ആപ്പുണ്ടെങ്കിൽ അതുവഴിയും പിഎഫ് ബാലൻസ് നിങ്ങൾക്ക് പരിശോധിക്കാം. ഇതിൽ നിങ്ങൾ ഇപിഎഫ്ഒയുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ബാലൻസ് അറിയാൻ സാധിക്കും. 7738299899 എന്ന നമ്പറിലേക്ക് SMS അയച്ചും നിങ്ങളുടെ ബാലൻസ് പരിശോധിക്കാവുന്നതാണ്. ഇതിനെല്ലാം നിങ്ങളുടെ മൊബൈൽ നമ്പർ യുഎഎന്നുമായി ലിങ്ക് ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിലേത്ത് മിസ്‌ഡ് കോൾ ചെയ്തും നിങ്ങൾക്ക് പിഎഫ് ബാലൻസ് പരിശോധിക്കാം