5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WhatsApp India: വാട്‌സ്ആപ്പും മെറ്റയും ഇന്ത്യയിൽ സേവനം അവസാനിപ്പിക്കില്ല; ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

IT Minister Ashwini Vaishnaw: രാജ്യസഭയിൽ അടുത്തിടെ ഉയർന്ന ആശങ്കകൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ മതിയാക്കേണ്ടിവരുമെന്ന് വാട്‌സാപ്പ് അടുത്തിടെ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

WhatsApp India: വാട്‌സ്ആപ്പും മെറ്റയും ഇന്ത്യയിൽ സേവനം അവസാനിപ്പിക്കില്ല; ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
IT Minister Ashwini Vaishnaw (Image credits: PTI)
neethu-vijayan
Neethu Vijayan | Published: 28 Jul 2024 20:30 PM

വാട്‌സ്ആപ്പും അതിൻ്റെ മാതൃ സ്ഥാപനവുമായ മെറ്റയും ഇന്ത്യയിൽ തങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നില്ലെന്ന് രാജ്യത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് (IT Minister Ashwini Vaishnaw). രാജ്യസഭയിൽ അടുത്തിടെ ഉയർന്ന ആശങ്കകൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പോ മെറ്റയോ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തെ (MeitY) അറിയിച്ചിട്ടില്ലെന്ന് കോൺഗ്രസ് അംഗമായ വിവേക് ​​തൻഖയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ (2000) പ്രകാരം ഉപയോക്തൃ വിശദാംശങ്ങൾ പങ്കിടണമെന്ന സർക്കാർ നിർദ്ദേശങ്ങൾ കാരണം രാജ്യത്ത് വാട്ട്‌സ്ആപ്പ് അടച്ചുപൂട്ടുന്നത് പരിഗണിക്കുമോ എന്ന ആശങ്കയ്ക്ക് പിന്നാലെയാണ് തൻഖ രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചത്. എന്നാൽ ദേശീയ സുരക്ഷയും പൊതു ക്രമവും ഉറപ്പാക്കുന്നതിന് വേണ്ടി മാത്രമാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് വൈഷ്ണവ് വ്യക്തമാക്കി. ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും മറ്റ് രാജ്യങ്ങളുമായുള്ള സൗഹൃദ നിലനിർത്തുന്നതിനുമാണ്. കൂടാതെ കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്നതോ പൊതുസമാധാനം തകർക്കുന്നതോ ആയ പ്രവർത്തനങ്ങൾ തടയുന്നതിനും നിർദേശങ്ങൾ ലക്ഷ്യമിടുന്നു.

ALSO READ: ഗൂ​ഗിൾ മാപ്പിനോട് ഏറ്റുമുട്ടാൻ എത്തുന്നു ആപ്പിൾ മാപ്പ്

ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ മതിയാക്കേണ്ടിവരുമെന്ന് വാട്‌സാപ്പ് അടുത്തിടെ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സന്ദേശമയക്കുന്നവർക്കും സ്വീകർത്താവിനും മാത്രമേ സന്ദേശത്തിന്റെ ഉള്ളടക്കം കാണാൻകഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന് പറയുന്നത്. എന്നാൽ, പുതിയ ഐടി നിയമം അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുമെന്നതാണ് വ്യവസ്ഥ. ഇത്തരത്തിലൊരു സാഹചര്യമുണ്ടായാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ് അറിയിക്കുകയായിരുന്നു.

വാട്‌സാപ്പ് ഉപയോക്താക്കളുടെ ലക്ഷക്കണക്കിന് സന്ദേശങ്ങൾ അനിശ്ചിത കാലത്തേക്ക്‌ സൂക്ഷിക്കുന്നതിന് ഇത് കാരണമാക്കുമെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നുമാണ് വാട്സ്ആപ്പ് കോടതിയിൽ പറഞ്ഞത്. 2021 ഫെബ്രുവരി 25-നാണ് പുതിയ ഐടി നിയമം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, ഉപയോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുന്ന നിയമങ്ങളെ എതിർക്കുന്നതിന് പൊതുസമൂഹത്തിനൊപ്പം നിലകൊള്ളുമെന്നാണ് വാട്‌സ്ആപ്പ് വ്യക്തമാക്കിയത്.

 

 

Latest News