SC/ST Reservation: പട്ടികജാതി പട്ടികവർഗ വിഭാഗക്കാരിലെ അതിപിന്നാക്കക്കാർക്ക് ഉപസംവരണം നൽകുന്നത് ശരിവെച്ച് സുപ്രീം കോടതി
SC/ST Reservation Supreme Court Verdict: സംസ്ഥാന സർക്കാരുകൾക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ കൂടുതൽ ഉപവിഭവങ്ങളായി തിരിച്ചു വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ സംവരണം ഏർപ്പെടുത്താം. കൃത്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സംവരണം ഏർപ്പെടുത്തുന്നത്.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അതി പിന്നാക്ക സമുദായക്കാർക്കായി ഉപസംവരണം നൽകുന്നത് സുപ്രീം കോടതി ശരിവെച്ചു. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴങ്ക ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം ത്രിവേദി ഭിന്ന ആണ് വിധി എഴുതിയത്.
ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ കൂടുതൽ ഉപവിഭവങ്ങളായി തിരിച്ചു വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ സംവരണം ഏർപ്പെടുത്താം. ഇ വി ചിന്നയ്യയും ആന്ധ്രാപ്രദേശ് സർക്കാരും തമ്മിലുള്ള 2004ലെ കേസിൽ വന്ന വിധി , ഉപവർഗ്ഗീകരണം സാധ്യമല്ലെന്നും പട്ടികജാതി പട്ടികവർഗ ലിസ്റ്റ് തയ്യാറാക്കേണ്ടത് ഭരണഘടനയുടെ 341ആം വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ അധികാരമാണെന്നും ആയിരുന്നു. ഈ വിധി റദ്ദാക്കി കൊണ്ടാണ് ഇപ്പോഴത്തെ പുതിയ വിധി.
‘ഉപ-വർഗ്ഗീകരണം ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെ തത്വത്തെ ലംഘിക്കുന്നില്ല’ സുപ്രീം കോടതി പറഞ്ഞു. സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള മുഴുവൻ സീറ്റുകളും അതി പിന്നാക്കക്കാർക്കായി മാറ്റി വെക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം അതി പിന്നാക്ക സമുദായക്കാർക്കായി സംവരണം ഏർപ്പെടുത്തുന്നത് എന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. തീരുമാനത്തിൽ രാഷ്ട്രീയ താല്പര്യങ്ങൾ കടന്നുവരരുതെന്നും ഓർമിപ്പിച്ചു.
READ MORE: രാഹുൽ തുന്നിയ ചെരിപ്പ്; 10 ലക്ഷം രൂപ വാഗ്ധാനം ലഭിച്ചിട്ടും നൽകാതെ റാം ചേത്
“എസ്‌സി/എസ്ടി വിഭാഗങ്ങളിലെ ചില വ്യക്തികൾക്ക് മാത്രമേ സംവരണത്തിൻ്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. ഈ ഗ്രൂപ്പുകൾക്കുള്ളിൽ ചില വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലിൻ്റെ കഠിനമായ യാഥാർത്ഥ്യങ്ങൾ അവഗണിക്കാനാവില്ല,” എന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് ഗവായ് എസ്‌സി, എസ്ടി വിഭാഗങ്ങളിലെ കൂടുതൽ പിന്നാക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകാനുള്ള സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്തം എടുത്തുകാണിച്ചു.
ക്രീമി ലെയർ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) ബാധകമായ രീതിയിൽ എസ്‌സികൾക്കും ബാധകമാകണമെന്ന് ജസ്റ്റിസ് വിക്രം നാഥ്
വാദിച്ചു. ഈ പാളികൾ തിരിച്ചറിയുന്നത് യഥാർത്ഥ സമത്വം കൈവരിക്കുന്നതിന് നിർണായകമാണെന്ന് അദ്ദേഹം അടിവരയിട്ടു.
ഇതുൾപ്പടെ ആകെ 6 വിധി ന്യായങ്ങളാണ് ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡ്, ബേല എം ത്രിവേദി ഭിന്ന, ബി ആർ ഗവായ്, വിക്രംനാഥ്, മനോജ് ശർമ്മ, പങ്കജ് മിത്തൽ, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ചത്.
കേരളത്തിൽ നിലവിൽ പട്ടിക ജാതിക്കാർക്ക് 8 ശതമാനവും പട്ടികവർഗക്കാർക്ക് 2 ശതമാനവുമാണ് സംവരണം. സംസ്ഥാനത്ത് ആകെമൊത്തം പട്ടിക ജാതിയിൽ 54 ഉപജാതികളും പട്ടികവർഗ്ഗത്തിൽ 37 ഉപജാതികളുമാണുള്ളത്. ഇവ ഓരോന്നിനും വെവ്വേറെ സംവരണം അനുവദിച്ചാൽ എതിർപ്പുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന സർക്കാർ കൃത്യമായ പ്ലാനോടെ നീങ്ങാൻ ആണ് സാധ്യത. എല്ലാം കൃത്യമായി പഠിച്ചതിനു ശേഷം വിവിധ പട്ടികവിഭാഗങ്ങളുമായി ചർച്ച ചെയ്യാനാണ് ആലോചന.